ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അസാദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം. 100 സീറ്റുകളിലാണ് എ.ഐ.എം.ഐ.എം.മത്സരിക്കുന്നത്. ഒവൈസി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. 

'ഉത്തര്‍പ്രദേശ് ഞങ്ങള്‍ വരികയാണ്' 100 സീറ്റുകളില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് ഒവൈസി ട്വിറ്ററില്‍ കുറിച്ചു. മുസ്ലീംവിഭാഗങ്ങൾ കൂടുതലുളള സംസ്ഥാനത്തിന്റെ പ്രദേശങ്ങളിലായിരിക്കും മത്സരിക്കുക. 

'ഞങ്ങള്‍ക്ക് ഒരേയൊരു അജണ്ട മാത്രമാണ് ഉളളത്. അത് മുസ്ലീങ്ങളുടെ വികസനമാണ്. എന്നാല്‍ അതിനര്‍ഥം ഞങ്ങള്‍ മറ്റുളളവര്‍ക്ക് എതിരാണെന്നല്ല. ഞങ്ങള്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് നല്ല സ്ഥാനാര്‍ഥികളെ വേണം, അവര്‍ മുസ്ലീങ്ങള്‍ മാത്രമായിരിക്കണമെന്ന് നിര്‍ബന്ധമില്ല.' പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു. 

2017 നിയമസഭാ തിരഞ്ഞെടുപ്പിലും എ.ഐ.എം.ഐ.എം. മത്സരിച്ചിരുന്നു. എന്നാല്‍ 0.2 ശതമാനം വോട്ട് വിഹിതം മാത്രം നേടാനേ സാധിച്ചിരുന്നുളളൂ. എന്നാല്‍ അടുത്തിടെ യുപിയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് എ.ഐ.എം.ഐ.എം. കാഴ്ചവെച്ചത്. പാര്‍ട്ടി പിന്തുണച്ച 24 സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് എ.ഐ.എം.ഐ.എം. യുപിയില്‍ അങ്കത്തിനിറങ്ങുന്നത്. അഞ്ചുസീറ്റുകളിലായിരുന്നു ബിഹാറില്‍ എ.ഐ.എം.ഐ.എം. വിജയിച്ചത്. 20 സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരുന്നത്. ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്യുലര്‍ മുന്നണിയുടെ ഭാഗമായിരുന്നു ബിഹാറില്‍ എ.ഐ.എം.ഐ.എം.

കഴിഞ്ഞ ഡിസംബറില്‍ ലഖ്‌നൗവില്‍ സന്ദര്‍ശനം നടത്തിയ ഒവൈസി യുപിയിലെ ചെറുരാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണിയായ ബാഗിദരി സങ്കല്പ് മോര്‍ച്ചയില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. അതേസമയം, ബിഎസ്പിയുമായി എ.ഐ.എം.ഐ.എം.  സഖ്യത്തിലേര്‍പ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 

Content Highlights:UP we are coming Tweets Asaduddin Owaisi, AIMIM will contest in 100 seats