
പ്രതീകാത്മക ചിത്രം ((Photo @ @UPSRTCHQ)
ലഖ്നൗ: രാജ്യവ്യാപക ലോക്ക് ഡൗണിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെ നാട്ടിലെത്തിക്കാന്‍ 300 ബസ്സുകൾ അയക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജസ്ഥാനിലെ കോട്ടയില്‍ മത്സരപരീക്ഷകളുടെ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളാണ് അവിടെ കുടുങ്ങിയത്.
ആഗ്രയില്‍നിന്നും ഝാന്‍സിയില്‍ നിന്നുമാവും യു.പി സര്‍ക്കാര്‍ ബസ്സുകള്‍ അയയ്ക്കുക. വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം, ശുദ്ധജലം, മാസ്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയെല്ലാം ബസ്സുകളിലുണ്ടാവും. 25 വിദ്യാര്‍ഥികളെ വീതമാവും ഓരോ ബസ്സുകളിലും കൊണ്ടുവരിക.
അതിനിടെ, യുപിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ബിഹാര്‍ മുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷി നേതാവുമായ നിതീഷ് കുമാര്‍ രംഗത്തെത്തി. ബസ്സുകള്‍ അയയ്ക്കാനുള്ള നീക്കം കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ ദുര്ബപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ബിഹാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
മത്സരപ്പരീക്ഷകള്‍ക്കുവേണ്ടി പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളെ അന്യസംസ്ഥാനത്തുനിന്ന് തിരിച്ചെത്തിക്കുന്ന സര്‍ക്കാരിന് കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തെ എങ്ങനെ തടയാന്‍ കഴിയുമെന്ന് ബിഹാര്‍ ചീഫ് സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്തില്‍ ചോദിച്ചിട്ടുണ്ട്. സമ്പന്ന വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് മത്സരപ്പരീക്ഷകള്‍ക്കുവേണ്ടി പരിശീലനം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടുത്ത അനീതിയാണ് യുപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിമര്‍ശിച്ചു.
Content Highlights: UP to send 200 buses to bring back students stranded in Rajastan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..