അലഹാബാദ് (യു.പി.): പൗരത്വനിയമഭേദഗതി പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരുടെ ചിത്രവും പേരുവിവരങ്ങളും അച്ചടിച്ച പോസ്റ്ററുകളും ബോര്‍ഡുകളും നീക്കാനുള്ള അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുക്കൊണ്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അപ്പീല്‍ വിശാല ബെഞ്ചിന് വിട്ടു. 

കുറ്റാരോപിതരുടെ ചിത്രവും പേരും വിലാസവുമടക്കം ഉള്‍പ്പെടുത്തി ബാനറുകള്‍ സ്ഥാപിച്ചതിന് നിയമത്തിന്റെ പിന്തുണയില്ലെന്ന് സുപ്രീംകോടതി യുപി സര്‍ക്കാരിനോട് പറഞ്ഞു. ജസ്റ്റിസുമാരായ യു.യു.ലളിത്, അനിരുദ്ധബോസ് എന്നിവരുടെ അവധിക്കാല ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

കൂടുതല്‍ പരിഗണന ആവശ്യമുള്ള വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മതിയായ ബെഞ്ച് ഹോളി അവധിക്ക് ശേഷം ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. 

നിയമപരമായ അധികാരമില്ലാതെ സംസ്ഥാനം ചെയ്ത ഈ പ്രവൃത്തി ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണെന്നും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥുര്‍, ജസ്റ്റിസ് രമേശ് സിന്‍ഹ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് നിരീക്ഷിച്ചിരുന്നു.

പോസ്റ്ററുകള്‍ പതിപ്പിക്കുന്നതൊഴിവാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ബാനറുകളും പോസ്റ്ററുകളും നീക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോടും പോലീസ് കമ്മിഷണറോടും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഉത്തരവു നടപ്പാക്കിയെന്നു കാണിക്കുന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ചയ്ക്കകം കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ നല്‍കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

രാഷ്ട്രീക്കാരനും സാമൂഹികപ്രവര്‍ത്തകനുമായ സദഫ് ജാഫര്‍, മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എസ്.ആര്‍. ദാരാപുരി എന്നിവരുടെ പേരുകളടങ്ങിയ പോസ്റ്ററുകളും പതിച്ചിരുന്നു. ഇതുവരെ ഏതാണ്ട് 50-തോളം പേര്‍ക്ക് കലാപവുമായി ബന്ധപ്പെട്ട് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

Content Highlights: SC Refers To Larger Bench UP Govt's Appeal Against Allahabad HC Order For Removal Of 'Name & Shame' Banners