ആഗ്ര: ലോകകപ്പ് ട്വന്റി 20യില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാര്‍ഥികള്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അറസ്റ്റില്‍. ഇവരുടെ പേരില്‍ രാജ്യദ്രോഹം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

ആഗ്രയിലെ രാജാ ബല്‍വന്ത് സിങ് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥികളായ അര്‍ഷീദ് യൂസുഫ്, ഇനായത്ത് അല്‍താഫ് ഷെയ്ഖ്, ഷൗകത്ത് അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്‌.

രാജദ്രോഹ കുറ്റത്തിന് പുറമെ സൈബര്‍ ടെററിസം, വിദ്വേഷ പ്രചാരണം എന്നീ വകുപ്പുകളും ഇവരുടേ മേല്‍ ചുമത്തിയിട്ടുണ്ട്. ഇവരെ പാകിസ്താന് അനുകൂലമായി സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്തതിന് സസ്‌പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു. 

ഇവര്‍ക്ക് പുറമെ മറ്റ് നാല് പേരെയും സമാനമായ കുറ്റത്തിന് ഉത്തര്‍പ്രദേശില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പാകിസ്താന്‍ വിജയം ആഘോഷിക്കുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കോളേജിലെത്തി ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര പോലീസ് വ്യക്തമാക്കി. 

വിദ്യാര്‍ഥികള്‍ പാകിസ്താന്‍ വിജയം ആഘോഷിക്കുന്നതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകരും കോളേജില്‍ എത്തിയിരുന്നു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പോലീസും ബി.ജെ.പി. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 

നേരത്തെ കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ഥികളും പാകിസ്താന്റെ വിജയം ആഘോഷിച്ചതിന് പോലീസ് പിടിയിലായിരുന്നു. മെഡിക്കല്‍ കോളേജിലെ ഗേള്‍സ് ഹോസ്റ്റലില്‍ ഉള്‍പ്പടെ വിജയാഘോഷം നടന്ന സംഭവത്തില്‍ പോലീസ് യു.എ.പി.എ. ചുമത്തി കേസെടുത്തിരുന്നു.

Content Highlights: UP Says Sedition For Celebrating Pak Win; 3 J&K Students Arrested In Agra