ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് ഞായറാഴ്ച 11 പേര്‍കൂടി മരിച്ചു. ഇതോടെ ആകെ മരണം 660 ആയി. 606 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 22147 ആയി. 6679 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.

14,808 പേര്‍ ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. 66.86 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മാഹന്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ 23604 പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 8942 ഹോട്ട്‌സ്‌പോട്ടുകള്‍ അടക്കമുള്ളവയിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വന്‍തോതിലുള്ള ബോധവത്കരണ കാമ്പയിന് ജൂലായില്‍ മീററ്റില്‍നിന്ന് തുടക്കം കുറിക്കാനാണ് നീക്കം. പള്‍സ് പോളിയോ ഇമ്യൂണൈസേഷന് സമാനമായി വീടുകള്‍തോറും കയറിയുള്ള പ്രചാരണവും സര്‍വേയും നടത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഉള്ളവരെ സര്‍വേയ്ക്കിടെ കണ്ടെത്തും. അപകട സാധ്യത ഏറെയുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, കോവിഡ് വ്യാപനം സംസ്ഥാനത്ത് കനത്ത സാമ്പത്തിക തകര്‍ച്ചയ്ക്ക് ഇടയാക്കിയെന്ന ആരോപണവുമായി യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു രംഗത്തെത്തി. ഗ്ലാസ് - പിച്ചള വ്യവസായങ്ങള്‍, പരവതാനി നെയ്ത്ത്, ഗൃഹോപകരണ നിര്‍മാണം, തുകല്‍, വസ്ത്രനിര്‍മാണം, ക്ഷീരോത്പാദനം, മണ്‍പാത്ര വ്യവസായം തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാണ്. ഈ മേഖലകള്‍ക്കൊന്നും മതിയായ സംരക്ഷണം സര്‍ക്കാര്‍ നല്‍കുന്നില്ല. സാമ്പത്തിക പ്രതിസന്ധിമൂലം ജനങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: UP records 11 more COVID-19 deaths, total cases rise to 22,147