ലഖ്‌നൗ: കോവിഡ് മൂന്നാം തരംഗം കുട്ടികളെയാവും കൂടുതലായും ബാധിക്കുകയെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി യുപി സര്‍ക്കാര്‍. കുട്ടികള്‍ക്ക് വേണ്ടി സംസ്ഥാനത്ത് സൗജന്യ മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍. 

കുട്ടികള്‍ക്കുള്ള സിറപ്പ്, ചവച്ചരച്ചു കഴിക്കാവുന്ന ഗുളിക എന്നിവയടങ്ങുന്നതാണ് മെഡിക്കല്‍ കിറ്റ്. ജൂണ്‍ 15 മുതല്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് വ്യക്തമാക്കി. കുട്ടികളുടെ പ്രായത്തിനും ഭാരത്തിനും അനുസരിച്ചാവും മെഡിക്കല്‍ കിറ്റ് നല്‍കുക. 97,000 ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് സംസ്ഥാനത്ത് കുട്ടികളുള്ള വീടുകളില്‍ മെഡിക്കല്‍ കിറ്റ് എത്തിക്കും. രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രായത്തിനനുസരിച്ച് നല്‍കാനായി മൂന്ന് തരം കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡോസേജ് കുറഞ്ഞ സിറപ്പും മരുന്നുമാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദും പ്രതികരിച്ചു.

Content Highlights: UP Preps for Third Wave, Readies Special Medicine Kits for Kids With Syrups & Chewable Tablets