ലഖ്‌നൗ: സര്‍ക്കാര്‍ ആശുപത്രിയടക്കം എട്ട് ആശുപത്രികളെ സമീപിച്ചുവെങ്കിലും ചികിത്സ നിഷേധിക്കപ്പെട്ടതോടെ ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു. എട്ടുമാസം ഗര്‍ഭിണിയായ യുവതിക്കാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി 13 മണിക്കൂറോളം അലയേണ്ടി വന്നതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നീലം (30) ആണ് ഗ്രേറ്റര്‍ നോയ്ഡയിലെ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ആംബുലന്‍സിനുള്ളില്‍ മരിച്ചത്.

ഭര്‍ത്താവ് വിജേന്ദര്‍ സിങ്ങിനൊപ്പമാണ് അവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി അലഞ്ഞത്. സംഭവത്തില്‍ ഗൗതംബുദ്ധ് നഗര്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. നോയ്ഡ - ഗാസിയാബാദ് അതിര്‍ത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭിണിയായശേഷം നീലം പതിവായി പോയിരുന്നത്. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ വെള്ളിയാഴ്ച ദമ്പതികള്‍ അവിടെ എത്തിയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെയാണ് ദമ്പതികള്‍ക്ക് ചികിത്സ തേടി അലയേണ്ടിവന്നത്.

ഇ.എസ്.ഐ ഹോസ്പിറ്റല്‍, സെക്ടര്‍ 30 ലെ ചൈല്‍ഡ് പിജിഐ ഹോസ്പിറ്റല്‍, ശാര്‍ദാ ഹോസ്പിറ്റല്‍, ഗ്രേറ്റര്‍ നോയ്ഡയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് തുടങ്ങിയവയെ ദമ്പതികള്‍ സമീപിച്ചു. ഇതിനുശേഷം നാല് സ്വകാര്യ ആശുപത്രികളെയും ദമ്പതികള്‍ സമീപിച്ചുവെങ്കിലും കിടക്ക ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. 

യു.പിയിലെ ഗൗതംബുദ്ധ് നഗറില്‍ അടുത്തിടെ യഥാസമയം ചികിത്സ ലഭിക്കാത്തതിനാല്‍ മനുഷ്യജീവന്‍ നഷ്ടപ്പെട്ട രണ്ടാമത്തെ സംഭവമാണിത്. മെയ് 25 ന് ചികിത്സതേടി മാതാപിതാക്കള്‍ വിവിധ ആശുപത്രികളിലേക്ക് ഓടുന്നതിനിടെ നവജാത ശിശു മരിച്ചിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം നടത്തി രണ്ട് സ്വകാര്യ ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

Content Highlights: UP: Pregnant woman dies in ambulance after running between hospitals for 13 hours