ഉന്നാവ് (ഉത്തര്‍പ്രദേശ്): അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാന്‍ പ്ലാസ്റ്റിക് സ്റ്റൂളും ചൂരല്‍ക്കുട്ടയുമായി രംഗത്തിറങ്ങി യു.പി പോലീസ്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയും പോലീസിനെതിരെ രൂക്ഷ വിമര്‍ശം ഉയരുകയും ചെയ്തതോടെ ഉത്തരവാദികള്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു. ഉന്നാവിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) ദിനേശ് ചന്ദ്ര മിശ്രയ്ക്കും മൂന്ന് പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍ ലഭിച്ചു. മികവില്ലായ്മ, നിലവാരം കുറഞ്ഞ പ്രവര്‍ത്തനം, അലംഭാവം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

പ്ലാസ്റ്റിക് സ്റ്റൂളും ചൂരല്‍ക്കുട്ടയും ഉപയോഗിച്ച് പോലീസ് അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടുന്നതിന്റെ ഫോട്ടോകള്‍ വൈറലായതോടെ യു.പി പോലീസിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അക്രമം നേരിടേണ്ടിവരുമ്പോള്‍ ഉപയോഗിക്കേണ്ട സുരക്ഷാ ഉപകരണങ്ങളടക്കം നല്‍കാത്തതിന്റെ പേരിലായിരുന്നു വിമര്‍ശം. സംഭവം പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.

ലഖ്‌നൗ റേഞ്ച് ഐ.ജി ലക്ഷ്മി സിങ്ങാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് വ്യക്തമാക്കിക്കൊണ്ട് ട്വീറ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ഉപയോഗിക്കേണ്ട സുരക്ഷാ ഉപകരണങ്ങള്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഉന്നാവില്‍ അക്രമം നടക്കുമെന്ന രഹസ്യ വിവരം ലഭിച്ചിട്ടും മുന്നൊരുക്കം ഇല്ലാതെയാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയില്‍നിന്ന് ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്നാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ഐ.ജി വ്യക്തമാക്കി.

ഉന്നാവ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശവസംസ്‌കാരം നടത്താന്‍ പോയ ബന്ധുക്കള്‍ മൃതദേഹങ്ങളുമായി അപകടം നടന്ന സ്ഥലത്തെത്തി പ്രതിഷേധിച്ചു. പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ അനുനയിപ്പിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തരായത്. കല്ലേറ് നേരിടാന്‍ പോലീസ് സ്റ്റൂളും ചൂരല്‍ക്കുട്ടയും അടക്കമുള്ളവയുമായി രംഗത്തിറങ്ങി. ഇതിന്റെ ഫോട്ടോകളാണ് വൈറലായത്.

Content Highlights: UP Police use stool and basket as riot control gear; 4 suspended