കാൺപുർ: കൊടും കുറ്റവാളി വികാസ് ദുബെ കൊലപ്പെടുത്തിയ യു.പി പൊലീസ് ഉദ്യോഗസ്ഥൻ ദേവേന്ദ്രകുമാർ മിശ്രയ്ക്ക് പോലീസിനുള്ളിലെ ചാരന്മാരേപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ. ഡി.എസ്.പി ആയിരുന്ന ദേവേന്ദ്ര കുമാർ മിശ്ര എഴുതിയതെന്ന് കരുതുന്ന ഒരു കത്തിനേപ്പറ്റിയാണ് യു.പി പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

ഈ കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേവേന്ദ്ര കുമാർ മിശ്രയെ വികാസ് ദുബെയുടെ ആളുകൾ കൊലപ്പെടുത്തിയതിന് മൂന്നുമാസം മുമ്പാണ് ഈ കത്ത് എഴുതപ്പെട്ടത്. അതേസമയം പോലീസ് റെക്കോർഡുകളിലൊന്നും ഇതിനേപ്പറ്റി വിവരങ്ങൾ ഇല്ല.

കത്തിൽ പറയുന്ന ചൗബെയ്പുർ പോലീസ് സ്റ്റേഷൻ ഓഫീസർ വിനയ് തിവാരി നിലവിൽ സസ്പെൻഷനിലാണ്. ഇയാൾ പോലീസിന്റെ നടപികളെപ്പറ്റി വികാസ് ദുബെയ്ക്ക് ചോർത്തി നൽകിയിരുന്നുവെന്നും ഇയാൾക്കെതിരെ നടപടി എടുക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ കത്ത് വ്യാപകമായി പ്രചരിക്കുമ്പോഴും കാൺപുരിലെ ഡിഎസ്പി ഓഫീസിലെ രേഖകളിലൊന്നും അത്തരമൊരു കത്ത് അയച്ചതായോ സ്വീകരിച്ചതായോ രേഖകളില്ല. എങ്കിലും അതേപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കലാപമുണ്ടാക്കൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട ഗുണ്ടാത്തലവനായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനായി മൂന്ന് പോലീസ് സ്റ്റേഷനിൽ നിന്നായി 50 പോലിസുകാരടങ്ങുന്ന സംഘവുമായാണ് ദേവേന്ദ്രകുമാർ മിശ്ര ഇയാളുടെ സങ്കേതത്തിലേക്ക് തിരിച്ചത്. എന്നാൽ വഴിമധ്യേ വാഹനങ്ങൾ ഇട്ട് പോലീസ് സംഘത്തിന്റെ വഴിതടഞ്ഞ വികാസ് ദുബെയും കൂട്ടാളികളും വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു.

വിവരം ചോർത്തിക്കൊടുത്തുവെന്ന സംശയിക്കുന്ന നാലുപോലീസുകാരാണ് നിലവിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ ദേവേന്ദ്രകുമാർ മിശ്ര ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. രാജ്യം മുഴുവൻ ഞെട്ടിയ ഈ സംഭവം നടന്നിട്ട് നാല് ദിവസം പിന്നിട്ടിട്ടും വികാസ് ദുബെയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇയാളേപ്പറ്റി വിവരം നൽകുന്നവർക്ക് 2.5 ലക്ഷം രൂപയാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlights:UP Police Officer Killed By Gangster Vikas Dubey Had Named Cops In Letter