-
ലഖ്‌നൗ: കോവിഡ് 19 ബാധിച്ച് ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഉന്നാവോ സ്വദേശിയായ ഇന്‍സ്‌പെക്ടര്‍ ഇന്ദ്രജിത്ത് സിങ് ഭദൗരിയ(47)യാണ് മരിച്ചത്. ആദ്യ രണ്ടുപരിശോധനയില്‍ നെഗറ്റീവ് ഫലം വന്ന ഇന്ദ്രജിത്തിന് മൂന്നാമത്തെ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്.
1989-ല്‍ കോണ്‍സ്റ്റബിളായി സര്‍വീസില്‍ പ്രവേശിച്ച ഇന്ദ്രജിത്തിന് 2013-ല്‍ സബ് ഇന്‍സ്‌പെക്ടറായി പ്രമോഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന് വീണ്ടും പ്രമോഷന്‍ ലഭിക്കുന്നത്. ഷാജഹാന്‍പുരിലായിരിന്നു നിയമനം. ഇതിന് മുന്നോടിയായി മീററ്റിലുളള പോലീസ് പരിശീലന വിദ്യാലയത്തില്‍ പരിശീലനത്തിനെത്തി. ഇവിടെ നിന്ന ഷാജഹാന്‍പുരിലേക്ക് മടങ്ങുന്നതിനിടയിലാണ് ചുമയും മൂക്കൊലിപ്പും അനുഭവപ്പെട്ടത്. തുടര്‍ന്നുളള ആഴ്ചകളില്‍ അസുഖം മൂര്‍ച്ഛിച്ചു.
ജൂലായ് 23-നും ജൂലായ് 31-നും ഇടയില്‍ രണ്ടു തവണ ഇദ്ദേഹത്തെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഈ രണ്ടു ഫലങ്ങളും നെഗറ്റീവായിരുന്നു. ആദ്യം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും പിന്നീട് ആര്‍ടി-പിസിആര്‍ ടെസ്റ്റുമാണ് നടത്തിയതെന്ന് ഷാജഹാന്‍പുര്‍ എസ്പി അറിയിച്ചു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ദ്രജിത്ത് ഓഗസ്റ്റ് അഞ്ചിനാണ് മരിക്കുന്നത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. യു.പിയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1900 പേരാണ് അസുഖത്തെ തുടര്‍ന്ന ഇവിടെ മരിച്ചത്. നിലവില്‍ 43,000 പേര്‍ ചികിത്സയിലാണ്.
Content Highlights: UP Police officer dies of Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..