ലഖ്‌നൗ: മുന്‍ ഐ.പി.എസ്. ഓഫീസര്‍ എസ്.ആര്‍.ദാരാപുരിയെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കൈയേറ്റം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് ഉത്തര്‍പ്രദേശ് പോലീസ് ഉദ്യോഗസ്ഥ അര്‍ച്ചന സിങ്. കര്‍ത്തവ്യം കൃത്യമായി നിര്‍വഹിക്കുക മാത്രമാണ് താന്‍  ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടത്തിനും നല്‍കിയ വിശദീകരണത്തില്‍ ഇവര്‍ വ്യക്തമാക്കി. 

'പോലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്കാഗാന്ധിയുടെ കഴുത്തില്‍ പിടിച്ച് തള്ളിയെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അവകാശവാദങ്ങളില്‍ ഒരംശം പോലും സത്യമില്ല. ഞാനെന്റെ ജോലി ചെയ്യുക മാത്രമാണുണ്ടായത്.' - അര്‍ച്ചന പറയുന്നു. 

'ലഖ്‌നൗവിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പ്രിയങ്ക ഗാന്ധി തീരുമാനിച്ചിരുന്നു. അവര്‍ക്ക് അകമ്പടി സേവിക്കാനായി എന്നെയാണ് നിയോഗിച്ചിരുന്നത്. പാര്‍ട്ടി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഗോഖലെ മാര്‍ഗിലുള്ള 23/2  കൗള്‍ ഹൗസിലേക്ക് പോകാനായിരുന്നു മുന്‍കൂട്ടി തീരുമാനിച്ചിരുന്നത്. അവരുടെ കാറിനെ ഞങ്ങള്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ പെട്ടെന്ന് അവരുടെ കാര്‍ വഴി മാറി സഞ്ചരിക്കാന്‍ തുടങ്ങി. സുരക്ഷാ കാരണങ്ങളാല്‍ ലക്ഷ്യസ്ഥാനത്തെ കുറിച്ച് കൃത്യമായ വിവരണം നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവരം നല്‍കാന്‍ വിസമ്മതിച്ചു. പിന്നീട് പ്രിയങ്ക സ്വന്തം കാറില്‍ നിന്ന് ഇറങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടക്കാന്‍ ആരംഭിച്ചു. വി ഐ പികള്‍ മുന്‍കൂട്ടി അറിയിക്കാതെ വഴി മാറ്റിയാല്‍ അത് ട്രാഫിക് സംവിധാനത്തെ ബാധിക്കും.' - വിശദീകരണക്കുറിപ്പില്‍ അവര്‍ പറഞ്ഞു. 

സ്റ്റാന്‍ഡ് വിത്ത് അര്‍ച്ചന സിങ് എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അര്‍ച്ചന സിങ്ങിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ക്രമസമാധാനപാലത്തിനായാണ് തടഞ്ഞതെന്ന വാദത്തെ പ്രിയങ്ക ഗാന്ധി തള്ളി. താന്‍ സമാധാനപരമായി യാത്ര ചെയ്യുന്നത് എങ്ങനെയാണ് ക്രമസമാധാന ലംഘനമാവുക എന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നെ തടയാന്‍ അവകാശമില്ലെന്നും അവര്‍ പറഞ്ഞു. അവര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ അപ്രകാരം ചെയ്യണം. - ഐപിഎസ് ഓഫീസറെ സന്ദര്‍ശിച്ച ശേഷം പ്രിയങ്ക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

Content Highlights: UP police officer denies manhandling Priyanka Gandhi