ലഖ്‌നൗ: കൃഷിയിടങ്ങളില്‍ ജെ.സി.ബി. ഇറക്കി വിളനശിപ്പിച്ച ഉത്തര്‍ പ്രദേശ് പോലീസിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം. 

മിര്‍സാപുറിലെ കര്‍ഷകര്‍ കഠിനാധ്വാനത്തിലൂടെ വിളകള്‍ ഉല്‍പാദിപ്പിച്ചു. എന്നാല്‍ ബി.ജെ.പി. സര്‍ക്കാരിന്റെ പോലീസ് അവ ചവിട്ടി മെതിച്ചു. ഇന്നലെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കര്‍ഷകര്‍ക്ക് വലിയ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി. 24 മണിക്കൂര്‍ കഴിഞ്ഞില്ല, അതിനും മുമ്പ് സര്‍ക്കാര്‍ കര്‍ഷകസ്ത്രീകളോട് പെരുമാറുന്നത് എങ്ങനെയാണെന്ന് നോക്കൂ. കര്‍ഷകവിരുദ്ധ വികാരം നിറഞ്ഞിരിക്കുകയാണ് ബി.ജെ.പിയുടെ ഉള്ളില്‍- പ്രിയങ്ക ട്വീറ്റ് ചെയ്തു. 

അതേസമയം റെയില്‍വേയുടെ പദ്ധതിക്കു വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പേ ഏറ്റെടുത്ത ഭൂമിയാണ് അതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ശൈത്യകാലത്ത് കൃഷിയിറക്കാന്‍ അനുമതി ലഭിച്ചിരുന്നതായും കര്‍ഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.  

'ഭൂമി ഏറ്റെടുത്തതാണ്. കര്‍ഷകര്‍ ജോലി വേണമെന്നും മറ്റ് ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ പല ആവശ്യങ്ങളും സമ്മതിച്ചു കൊടുക്കാനാവില്ല. അതിനാലാണ് പ്രാദേശിക അതോറിറ്റിക്ക് ഭൂമി ഏറ്റെടുക്കേണ്ടി വന്നത്-.- ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യു.പി. സിങ് പ്രതികരിച്ചു. 

പ്രദേശത്തെ കുറച്ചു ഭൂമി ഏറ്റെടുത്തതാണെന്ന് കര്‍ഷകരും സമ്മതിക്കുന്നുണ്ട്. എന്നാല്‍ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കര്‍ഷകര്‍ വീട്ടിലിരിക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്തുന്നതും വിളകള്‍ ചവിട്ടിമെതിക്കുന്നതും- ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് പ്രഹ്ലാദ് സിങ് പറഞ്ഞു. 

കര്‍ഷകര്‍ ഉദ്യോഗസ്ഥരുടെ കാലില്‍ വീണു. എന്നിട്ടും അവര്‍ പിന്മാറിയില്ല. ഞങ്ങളുടെ വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. 2019 നവംബറില്‍ ഒരു കരാറുണ്ടായിരുന്നു. അതിന്‍പ്രകാരം കര്‍ഷകര്‍ക്ക് ശൈത്യകാലകൃഷി നടത്താവുന്നതാണ്. ആയിരത്തിലധികം കര്‍ഷകരാണ് ബാധിക്കപ്പെട്ടത്. എന്തുകൊണ്ടാണ് ജില്ലാ മജിസ്‌ട്രേട്ട് ഞങ്ങളുമായി കൂടിക്കാഴ്ച നടത്താത്തതെന്നും പ്രഹ്ലാദ് സിങ് ആരാഞ്ഞു.

content highlights: up police crushes crops, priyanka gandhi criticises