ലഖ്‌നൗ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് പോലീസ്. ആപത്തിലായിരിക്കുന്ന സ്ത്രീകളെ അവരുടെ മുഖഭാവങ്ങളിലൂടെ തിരിച്ചറിഞ്ഞ് വേഗത്തില്‍ സഹായമെത്തിക്കാനുളള നൂതന സാങ്കേതിക വിദ്യയാണ് പോലീസിന്റെ സുരക്ഷാ പദ്ധതികളിലൊന്ന്. 

ഇതിനായി പൊതുഇടങ്ങളില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാമറകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് ലഖ്‌നൗ പോലീസ്. സ്ത്രീകളുടെ മുഖഭാവങ്ങള്‍ നിരീക്ഷിച്ച് പ്രശ്‌നത്തിലകപ്പെട്ടിരിക്കുന്നവരെ കാമറകള്‍ പകര്‍ത്തും. തുടര്‍ന്ന് സമീപമുളള പോലീസ് സ്‌റ്റേഷനിലേക്ക് ജാഗ്രതാ സന്ദേശമയയ്ക്കുകയും ചെയ്യും. 

ഇത്തരത്തില്‍ കാമറകള്‍ സ്ഥാപിക്കുന്നതിനായി 200 ഹോട്ട്‌സ്‌പോട്ടുകള്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ സ്ത്രീകള്‍ കടന്നുപോകുന്ന ഇടങ്ങള്‍, കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്ഥലങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്ന് തൊട്ടടുത്തുളള പോലീസ് സ്‌റ്റേഷനിലേക്ക് വിവരം കൈമാറാന്‍ സാധിക്കുന്ന നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ സ്ഥാപിക്കും. പ്രശ്‌നത്തിലകപ്പെടുന്ന സ്ത്രീകളുടെ മുഖഭാവം മാറുന്ന മുറയില്‍ കാമറകള്‍ പ്രവര്‍ത്തനനിരതമാകുകയും പോലീസ് സ്‌റ്റേഷനില്‍ സന്ദേശമെത്തുകയും ചെയ്യും. പ്രശ്‌നത്തിലകപ്പെടുന്ന സ്ത്രീ സഹായത്തിനായി ഫോണെടുത്ത് 100,112 എന്നീ  നമ്പറുകള്‍ ഡയല്‍ ചെയ്യുന്നതിന് മുമ്പേ സന്ദേശം പോലീസ് സ്‌റ്റേഷനില്‍ ഈ കാമറകള്‍ എത്തിക്കുമെന്നാണ് പോലീസ് അവകാശപ്പെടുന്നത്. 

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. ഹാഥ്‌സ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചയ്ക്കിടയില്‍ സ്ത്രീകള്‍ക്കെതിരായ 13 സംഭവങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി വദ്ര ആരോപിച്ചിരുന്നു. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ യു.പി.വളരയധികം പിന്നിലാണെന്ന് സൂചിപ്പിച്ച പ്രിയങ്ക സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. 

 

Content Highlights:UP Police AI enabled camera can sense woman under threat