Rinkoo Singh Rahee | Photo: Screengrab from youtube video/ Arlington Community Media Inc
ലക്നൗ: അഴിമതിക്കേസ് പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ ഏഴുവട്ടം അക്രമികളുടെ വെടിയേറ്റ ഉദ്യോഗസ്ഥന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള റിങ്കൂ സിങ് റാഹിയാണ് യു.പി.എസ്.സി. പരീക്ഷയില്‍ 683-ാം റാങ്കുമായി തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള അവസാന അവസരത്തിലായിരുന്നു റിങ്കൂ സിങ്ങിന്റെ വിജയം.
ഉത്തര്‍പ്രദേശിലെ ഹാപുറില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു റിങ്കൂ സിങ് റാഹി. സംസ്ഥാന സാമൂഹിക വികസന വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന റിങ്കൂ സിങ് 2008-ല്‍ മുസാഫര്‍നഗറില്‍ 83 കോടിയുടെ സ്കോളര്‍ഷിപ്പ് അഴിമതി പൊളിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്ക് പത്തുവര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു.
എന്നാല്‍ അഴിമതി പുറത്തുവന്നതിന് പിന്നാലെ റിങ്കൂ സിങ്ങിനെ ഒരു സംഘമാളുകള്‍ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്യുകയായിരുന്നു. ഏഴ് വട്ടമാണ് റിങ്കൂ സിങ്ങിന് വെടിയേറ്റത്. മുഖത്തിനുള്പ്പെടെ വെടിയേറ്റു. ഈ സംഭവത്തോടെ മുഖത്തിന് രൂപമാറ്റം സംഭവിച്ച അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ചയും കേള്‍വിശക്തിയും നഷ്ടമായിരുന്നു.
" എന്റെ വിദ്യാര്‍ഥികളാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആവശ്യപ്പെട്ടത്. അവരുടെ നിര്‍ബന്ധത്തിന് പുറത്താണ് ഞാന്‍ പരീക്ഷ എഴുതിയത്", അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഐ.എ.എസ്. കോച്ചിങ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പരിശീലനം നല്കി വരികയായിരുന്നു റിങ്കൂ സിങ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..