കസ്‌ഗഞ്ച് (യുപി): ഉത്തര്‍പ്രദേശില്‍ കസ്‌ഗഞ്ചില്‍ 22-കാരന്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച നിലയില്‍. ഒരു പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ചാണ് പോലീസ് അല്‍ത്താഫ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ യുവാവ് ജാക്കറ്റിലെ ചരടുപയോഗിച്ച് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതിനെതിരെ മരിച്ച അല്‍ത്താഫിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് പോലീസുകാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്‌തെന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നതിനായി അല്‍ത്താഫിനെ ചൊവ്വാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. 

അല്‍ത്താഫിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസ് ശുചിമുറി പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇറ്റാവ പോലീസ് മേധാവി രോഹന്‍ പ്രമോദ് ബോത്രെ ട്വിറ്ററില്‍ പുറത്തിറക്കിയ വീഡിയോ പ്രസ്താവനയില്‍ പറയുന്നത്. 

അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവാവ്  കറുത്ത ജാക്കറ്റ് ധരിച്ചിരുന്നു. ജാക്കറ്റിന്റെ ഹുഡില്‍ ഘടിപ്പിച്ചിരുന്ന ചരട് ശുചിമുറിയിലെ പൈപ്പില്‍ ചുറ്റിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പത്തുമിനിറ്റിനുള്ളില്‍ മരിക്കുകയായിരുന്നുവെന്ന് പോലീസ് മേധാവി പറഞ്ഞു.

സംഭവത്തില്‍  അഞ്ച് പോലീസുകാരെ ഡ്യൂട്ടിക്കിടയിലെ 'അശ്രദ്ധ' ആരോപിച്ചാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസുകാര്‍ക്ക് അല്‍ത്താഫിന്റെ മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് അല്‍ത്താഫിന്റെ കുടുംബം ആവശ്യപ്പെട്ടു.

Content Highlights: up muslim man found dead in police custody damily raises question