കാണ്‍പുര്‍ : ഉത്തര്‍പ്രദേശ് കാണ്‍പൂരില്‍ നാല്‍പതുകാരിയെ ആറുപേര്‍ അടിച്ചുകൊന്നു. മകളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയതിനാണ് അമ്മയെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
2018-ലാണ് പതിമ്മൂന്നുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളായ ആബിദ്, മിന്റു, മെഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരില്‍ മൂന്നുപേരെ പരാതിയെ തുടര്‍ന്ന് പേലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ഒരു പ്രാദേശിക കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളോട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം കുടുംബം നിരാകരിച്ചു. ഇതോടെ രോഷാകുലരായ പ്രതികള്‍ കുടുബാംഗങ്ങളെ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അമ്മ മരണപ്പെടുകയായിരുന്നു.
കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു. പോലീസ് ഏറ്റമുട്ടുലിന് ഒടുവിലാണ് അവരില്‍ ഒരാള്‍ അറസ്റ്റിലായത്. പ്രതികളായ മൂന്നുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ആക്രമണത്തിനിടയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെ ടെറസില്‍ നിന്ന് ചിത്രീകരിക്കപ്പെട്ട വീഡിയോ ദേശീയ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോയില്‍ ചുവന്ന കുര്‍ത്തയണിഞ്ഞ സ്ത്രീയെ വെളുത്ത വസ്ത്രമണിഞ്ഞ ഒരാള്‍ മുഖത്ത് ചവിട്ടുന്നത് കാണാം. എന്നാല്‍ ആരുടെയും മുഖം വ്യക്തമല്ല.
Content Highlights: UP mother beaten to death by daughter's molesters