Screengrab: Twitter Video
ലഖ്‌നൗ: കാലുകൊണ്ട് തട്ടിയാൽ ടാറും മെറ്റലും ഇളകി നാശമാകുന്ന റോഡിന്‍റെയും റോഡ് നിർമാണത്തിന്‍റെ ശോച്യാവസ്ഥ കണ്ട് കരാറുകാരനോട് തട്ടിക്കയറുന്ന എംഎൽയുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഉത്തർപ്രദേശിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റോഡ് നിർമാണ രീതി കണ്ട് നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണവുമായെത്തിയത്.
സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എംഎല്‍എ ബേദി റാം ആണ് റോഡുപണിക്കുള്ള കരാറേറ്റെടുത്തയാളെ പരസ്യമായി ശാസിച്ചത്. എംഎല്‍എ തന്റെ ഷൂസ് കൊണ്ട് റോഡിൽ തട്ടുമ്പോൾ ടാറും മെറ്റലുമെല്ലാം അടങ്ങുന്ന മിശ്രിതം ഇളകിമാറുന്നത് വീഡിയോയിൽ കാണാം. എംഎൽഎ കരാറുകാരനോട് 'ഇത്തരത്തിലാണോ റോഡുപണി നടത്തുന്നതെ'ന്ന് രോഷത്തോടെ ചോദിക്കുന്നതും വീഡിയോയിൽ കാണാം.
ഷൂസ് കൊണ്ട് റോഡിന്റെ മുകള്‍ഭാഗത്ത് തട്ടിയപ്പോള്‍ തന്നെ ടാറും മെറ്റലും ചേര്‍ന്ന മിശ്രിതം ഇളകി നീങ്ങുന്നത് കണ്ടതോടെയാണ് എംഎല്‍എ നിയന്ത്രണം വിട്ട് കരാറുകാരനോട് കയർക്കുന്നത്. ''ഇത് റോഡാണോ? ഈ റോഡിലൂടെ ഒരു കാറിന് സഞ്ചരിക്കാനാകുമോ? ഇതെന്താ തമാശയാണോ?", എംഎല്‍എ ചോദിക്കുന്നു. ഗാസിയപുര്‍ ജില്ലയിലെ യൂസഫ്പുര്‍ സമ്പര്‍ക്ക് മാര്‍ഗില്‍ നിന്ന് വ്യാഴാഴ്ച പകര്‍ത്തിയതാണ് വീഡിയോ.
പൊതുമരാമത്ത് വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ പോലും സ്ഥലത്തുണ്ടായിരുന്നില്ലെന്നും കരാറുകാരനുമായി റോഡിന്റെ കാര്യം സംസാരിച്ചതായും വിഷയം വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതായും എംഎല്‍എ പിന്നീട് പ്രതികരിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റോഡ് നിര്‍മിച്ചിരിക്കുന്നതെന്നും ആറ് മാസം പോലും റോഡ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ബേദി റാം കൂട്ടിച്ചേര്‍ത്തു.
അഞ്ച് ദിവസം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡ് നിര്‍മാണത്തിലെ അപാകതകളെ കുറിച്ച് പ്രദേശവാസികളാണ് ബേദി റാമിനോട് പരാതിപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് എംഎല്‍എ സ്ഥലത്തെത്തിയത്. ഇത്തരത്തിലുള്ള റോഡ് നിര്‍മാണം എംഎല്‍എ എന്ന നിലയില്‍ തന്റെ പ്രതിച്ഛായ മാത്രമല്ല, സംസ്ഥാനമുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായയും തകര്‍ക്കുമെന്ന് ബേദി റാം പറഞ്ഞു.
നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയായ റോഡില്‍ കൈകള്‍കൊണ്ട് ആളുകള്‍ ടാറിട്ട ഭാഗം നീക്കുന്ന പിലിഭീതില്‍ നിന്നുള്ള വീഡിയോ ഒരാഴ്ച മുമ്പ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവിടെ കരാറുകാരന് അനുകൂലമായി പൊതുമരാമത്ത് വകുപ്പ് അനധികൃതമായി ടെന്‍ഡര്‍ പാസാക്കി നല്‍കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.
Content Highlights: Uttar Pradesh, MLA, Bedi Ram, Shouts as Road Peels Off with Kicks, Video Viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..