ആഗ്ര: ആശുപത്രിയിലെ അസൗകര്യങ്ങൾ മറച്ച് വെക്കാനും സേവനം കാര്യക്ഷമമാണെന്നും മന്ത്രിയെ ബോധ്യപ്പെടുത്താനായി ആശുപത്രി അധികൃതര്‍ രോഗികളെ പിടിച്ചു പുറത്താക്കി. 

ഉത്തര്‍പ്രദേശ് ആരോഗ്യവിദ്യാഭ്യാസവകുപ്പ് മന്ത്രി അശുതോഷ് ഠണ്ഡന്റെ സന്ദര്‍ശനത്തിന് മുന്‍പായാണ് ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗികളെ പുറത്താക്കിയത്.

സ്വതവേ തിരക്കേറിയ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാണെന്ന് മന്ത്രിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു അധികൃതരുടെ ഈ തന്ത്രം. 

ശനിയാഴ്ച്ച രാവിലെയാണ്  പ്രവര്‍ത്തനം വിലയിരുത്താനായി മന്ത്രിയെത്തിയത്. ഈ സമയത്ത് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നവർ അടക്കമുള്ള രോഗികളെയാണ് അധികൃതര്‍ താല്‍കാലികമായി ആശുപത്രി കോമ്പൗണ്ടിലേക്ക് മാറ്റിയത്. 

ഇതില്‍ ഐവി ഫ്‌ളൂയിഡ് കയറ്റി കൊണ്ടിരുന്നവരും ഓക്‌സിജന്‍ സിലിന്‍ഡര്‍ ഉപയോഗിച്ചിരുന്നുവരുമെല്ലാം ഉണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഒന്ന് അഡ്ജറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് രോഗികളെ സഹായികള്‍ക്കൊപ്പം എമര്‍ജന്‍സി വാര്‍ഡില്‍ നിന്ന് പുറത്തിറക്കിയത്. മന്ത്രി പോയാലുടന്‍ എല്ലാവര്‍ക്കും പഴയ സ്ഥലത്ത് പോയി കിടക്കാമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. 

പത്ത് വയസ്സുള്ള എന്റെ മോന് കൂട്ടിരിക്കുകയായിരുന്നു ഞാന്‍, കടുത്ത പനി മൂലമാണ് അവനെ ഇവിടെ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച രാവിലെ പെട്ടെന്നാണ് കുറച്ചു നേരത്തേക്ക് ഞങ്ങളോട് പുറത്തിറങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ ഡ്രിപ്പിട്ട് കിടക്കുകയായിരന്ന മോനേയും എടുത്ത് ഞങ്ങള്‍ പുറത്തേക്കിറങ്ങി. അവനെ എന്റെ മടിയില്‍ കിടത്തി എന്റെ അമ്മ ഐവി ഡ്രിപ്പും കൈയില്‍ പിടിച്ചു നിന്നു........ ഒരു സ്ത്രീ പറയുന്നു. 

അതീവ ഗുരുതരാവസ്ഥയില്‍ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ച മറ്റൊരാളെ തിരക്കൊഴിവാക്കാന്‍ നേരെ ആംബുലന്‍സിലാണ് കൊണ്ടു കിടത്തിയത്. ശ്വസിക്കാന്‍ ഓക്‌സിജന്‍ സിലിന്‍ഡറിന്റെ സഹായം ആവശ്യമായ അവസ്ഥയിലായിരുന്നു ഈ രോഗി.