ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഉത്തര്‍പ്രദേശിലെ മന്ത്രി. മോദി സാധാരണക്കാരനല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണ് സംസ്ഥാന തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഉപേന്ദ്ര തിവാരി അഭിപ്രായപ്പെട്ടത്. സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട ഒരു സെമിനാറിനിടെയായിരുന്നു തിവാരിയുടെ പുകഴ്ത്തൽ.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ മന്ത്രി ആഞ്ഞടിക്കുകയും ചെയ്തു. ഇവിടെ ബിജെപിയെ പരാജയപ്പെടുത്താനും മോദിജിയെ അധികാരത്തില്‍ നിന്ന് തുരത്താനും 24 പാര്‍ട്ടികള്‍ 2019ല്‍ മഹാസഖ്യം രൂപീകരിച്ചു. അവരുടെ ലക്ഷ്യം മോദിയെ തുരത്തുക എന്നത് മാത്രമായിരുന്നു പക്ഷേ ജനങ്ങള്‍ അവരെയാണ് തുരത്തിയത്.

അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തേയും രാജ്യത്തേയും നേതാക്കള്‍ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: UP minister says modi not an ordinary man but incarnation of almighty