ലഖ്‌നൗ: അര്‍ബുദം ബാധിച്ച് മരിച്ച  ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍ താജ്മഹലിന് സമാനമായ സ്മാരകം നിര്‍മ്മിച്ച ഫൈസല്‍ ഹസന്‍ ഖദ്രി വാഹനാപകടത്തില്‍ മരിച്ചു.

83 വയസുള്ള റിട്ട. പോസ്റ്റ് മാസ്റ്ററായ ഖദ്രിയെ വ്യാഴാഴ്ച രാത്രിയാണ് വാഹനം ഇടിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച മരിച്ചുവെന്ന് പോലീസ് പറഞ്ഞു.

2012ലാണ് ഭാര്യ താജാ മുല്ലി ബീവിയുടെ ഓര്‍മ്മയ്ക്കായി ഖദ്രി താജ്മഹലിന് സമാനമായ സ്മാരകം നിര്‍മ്മിച്ചു തുടങ്ങിയത്. സമ്പാദ്യമെല്ലാം ഉപയോഗിച്ച് സ്മാരകം നിര്‍മ്മിച്ചു. എന്നാല്‍, പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

വാര്‍ത്തയറിഞ്ഞ് അന്നത്തെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഖദ്രിയെ വിളിച്ചു വരുത്തി മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, വാഗ്ദാനം നിരസിച്ച ഖദ്രി തന്റെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന് അഖിലേഷിനോട് അഭ്യര്‍ഥിച്ചു.

സ്മാരകത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മാര്‍ബിള്‍ വാങ്ങാന്‍ ഖദ്രി രണ്ടുലക്ഷം രൂപ സമാഹരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ വിധി അനുവദിച്ചില്ല. ഭാര്യയുടെ മൃതദേഹം സംസ്‌കരിച്ചതിന് തൊട്ടടുത്തുതന്നെ ഖദ്രിയെയും സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. സ്മാരകത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ബന്ധുക്കള്‍ പറയുന്നു.