ഫിറോസാബാദ്: ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട പരാതിക്കാരനെ ട്രാഫിക് വളണ്ടിയറാക്കി ഉത്തര്‍പ്രദേശ് പോലീസ്. ഫിറോസാബാദിലെ സുഭാഷ് റോഡില്‍ ചൊവ്വാഴ്ചയാണ് യുപി പോലീസ് ഇത്തരത്തിലൊരു രസകരമായ പരീക്ഷണം നടത്തിയത്. പരാതിയുമായി നേരെ എസ്പി ഓഫീസിലേക്കെത്തിയ സോനു ചൗഹാനോട് നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ എസ്പി സചീന്ദ്ര പട്ടേല്‍ നിര്‍ദേശിക്കുകയായിരുന്നു. 

ട്രാഫിക് വളണ്ടിയറായി ചുമതല നല്‍കിയ സോനു ട്രാഫിക് പോലീസിനൊപ്പം രണ്ട് മണിക്കൂര്‍ സുഭാഷ് റോഡിലെ ഗതാഗതം നിയന്ത്രിച്ചു. ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കുള്ള ഹെല്‍മെറ്റും വസ്ത്രവും അണിഞ്ഞ് പോലീസ് വാഹനത്തിലാണ് സോനു ചൗഹാന്‍ ഗതാഗത നിയന്ത്രണത്തിനിറങ്ങിയത്. 

അനധികൃത പാര്‍ക്കിങ്, തെറ്റായ ദിശയില്‍ വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കായി എട്ട് പേര്‍ക്ക് സോനുവിന്റെ ഗതാഗത നിയന്ത്രണത്തില്‍ ചലാന്‍ നല്‍കിയതായി ട്രാഫിക് ഇന്‍സ്‌പെക്ടര്‍ രാംദത്ത് ശര്‍മ്മ പറഞ്ഞു. 1600 രൂപ നിയമലംഘകരില്‍നിന്ന് പിഴ ഈടാക്കി. അവശേഷിക്കുന്ന പിഴതുക നിയമലംഘകര്‍ ട്രാഫിക് ഓഫീസിലെത്തി അടയ്ക്കുമെന്നും രാംദത്ത് ശര്‍മ്മ വ്യക്തമാക്കി. ഗതാഗത സാഹചര്യം കൂടുതല്‍ സുഗമമാക്കാന്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇത്തരം പരീക്ഷണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും ട്രാഫിക് ഇന്‍സ്‌പെക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

വളണ്ടിയറായതിലൂടെ ട്രാഫിക് ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും ജനങ്ങള്‍ ഗതാഗത നിയമങ്ങള്‍ തെറ്റിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ സാധിച്ചെന്നും സോനു ചൗഹാന്‍ പറഞ്ഞു. റോഡിലെ ഒരു വാഹനം നിയമം തെറ്റിച്ചാല്‍ പോലും ഗതാഗത സംവിധാനം താറുമാറാകും. ട്രാഫിക് പോലീസിന്റെ ഈ പരീക്ഷണത്തിലൂടെ താന്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള പൗരനായി മാറുമെന്നും സോനു വ്യക്തമാക്കി.

content highlights; UP man complains of jam on road. Police makes him manage traffic for two hours instead