ന്യൂഡല്‍ഹി: ലൗ ജിഹാദ് തടയാന്‍ ലക്ഷ്യമിട്ട്‌ ഉത്തര്‍ പ്രദേശില്‍ അടുത്തിടെ പാസാക്കിയ ഓര്‍ഡിനന്‍സ് നിര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ്‌ മദന്‍ ലോകൂര്‍. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേയും അന്തസ്സിനേയും ഹനിക്കുന്നതും മനഷ്യവകാശങ്ങളെ ഹനിക്കുന്നതുമാണ്‌ ഓര്‍ഡിനന്‍സെന്ന് അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായ ഇച്ഛാശക്തിയേയും മാനുഷികമായ അന്തസ്സിനേയും സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയ നിയമത്തിന്റെ തത്വസംഹിതയെ ലംഘിക്കുന്നതാണിതെന്നും ലോകൂര്‍ ഒരു പൊതുചടങ്ങില്‍ വ്യക്തമാക്കി. '2018-ല്‍ ഹാദിയ കേസില്‍ സുപ്രീം കോടതി എന്ത് വിധിയാണ് പ്രസ്താവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

വിവാഹം, സമ്മര്‍ദ്ദം, പ്രലോഭനം എന്നിവയിലൂടെ മതപരിവര്‍ത്തനം നിരോധിക്കുന്നതിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കുറ്റവാളികളാണെന്ന് കണ്ടെത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ബി.ജെ.പി. ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും സമാനമായ രീതിയില്‍ നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് സുപ്രീം കോടതി മുന്‍ ന്യായാധിപന്റെ നിരീക്ഷണം.

ഉത്തര്‍ പ്രദേശില്‍ ഓര്‍ഡിനന്‍സ് നടപ്പായതിനു മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മുസ്ലിം പുരുഷനെതിരെ ബറേലി ജില്ലിയില്‍ പോലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Content Highlights: UP ‘love jihad’ law puts freedom of choice ‘on the backseat’, says former SC judge Madan Lokur