ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനാവില്ലെന്ന് വ്യവസ്ഥചെയ്യുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരട് പുറത്തിറങ്ങി. സംസ്ഥാന നിയമ കമ്മീഷനാണ് കരട് പുറത്തിറക്കിയിരിക്കുന്നത്. രണ്ടു കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന് നിയമം ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ മിത്തല്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കിയിരിക്കുന്നതെന്ന് നിയമ കമ്മീഷന്‍ പറയുന്നു.  രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്നാണ് നിയമം മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനോ ജോലിക്കയറ്റത്തിനോ സര്‍ക്കാര്‍ സബ്‌സിഡികള്‍ക്കോ അപേക്ഷിക്കാനാവില്ല. കൂടാതെ, അത്തരക്കാര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കരട് വ്യവസ്ഥ ചെയ്യുന്നു.

രണ്ടു കുട്ടികള്‍ എന്ന നിയമം അനുസരിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും നിയമത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് സര്‍വീസ് കാലയളവില്‍ രണ്ട് തവണ പ്രത്യേക ശമ്പളവര്‍ധന, മുഴുവന്‍ ശമ്പളത്തോടെ 12 മാസത്തെ പ്രസവാവധി തുടങ്ങിയവ ലഭിക്കും. ഒറ്റക്കുട്ടിയുളളവര്‍ക്ക് നാല് അധിക ഇന്‍ക്രിമെന്റാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ഇത്തരം കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിനോ വാങ്ങുന്നതിനോ പലിശ കുറഞ്ഞ പ്രത്യേക ലോണ്‍ അനുവദിക്കും. 

ഒരു കുട്ടിമാത്രമുളള കുടുംബാസൂത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ആരോഗ്യ സംരക്ഷണ സൗകര്യം, 20 വയസ്സ് ആകുന്നത് വരെ ഒറ്റക്കുട്ടിക്ക് ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും. ഐ.ഐ.എം., എ.ഐ.ഐ.എം എന്നിവിടങ്ങളിലുള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒറ്റക്കുട്ടിക്ക് പ്രവേശനത്തിന് മുന്‍ഗണന ലഭിക്കും. ബിരുദതലം വരെ ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും, ഒറ്റപെണ്‍കുട്ടിക്ക് ഉന്നതപഠനത്തിനുളള സ്‌കോളര്‍ഷിപ്പ്, സര്‍ക്കാര്‍ ജോലികളില്‍ ഒറ്റക്കുട്ടികള്‍ക്ക് മുന്‍ഗണന തുടങ്ങിയവും നിയമത്തിന്റെ കരടില്‍ നിര്‍ദേശിക്കുന്നു.

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രസവവാര്‍ഡുകള്‍ സ്ഥാപിക്കാനും കരടില്‍ നിര്‍ദേശമുണ്ട്. ഗര്‍ഭനിരോധന ഉറകള്‍, ഗുളികകള്‍ തുടങ്ങിയവ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും വിതരണം ചെയ്യണം. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തണം. ഗര്‍ഭം, പ്രസവം, മരണം തുടങ്ങിയവ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തുകയും വേണം.

ഹൈസ്‌കൂള്‍ തലത്തില്‍ ജനസംഖ്യാ നിയന്ത്രണം പഠനവിഷയമായി ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ബില്ലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന് പൊതുജങ്ങളുടെ നിര്‍ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. ജൂലായ് 19 ആണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിനം.

രണ്ടു കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന് നിയമം ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ആദിത്യ മിത്തല്‍ വ്യക്തമാക്കി. ആര്‍ക്കുവേണമെങ്കിലും രണ്ടു കുട്ടി നയം സ്വീകരിക്കാം. അങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേ ആനുകൂല്യങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് അവ ലഭിക്കില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗസ്ത് രണ്ടാം വാരത്തോടെ നയം നിലവില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബില്ലിനെതിരേ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. സംസ്ഥാനത്തെ മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് പുതിയ നിയമമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

Content Highlights: UP law panel proposes 'two-child' population policy