ലഖ്നൗ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എബിപി ന്യൂസിലെ മാധ്യമപ്രവർത്തകനായ സുലഭ് ശ്രീവാസ്തവയെയാണ് ബൈക്കിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യമാഫിയക്കെതിരേ വാർത്ത നൽകിയതിനെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുലഭ് പോലീസിൽ പരാതി നൽകിയതിന് തൊട്ടുപിറ്റേന്നാണ് മരണം.

ഞായറാഴ്ച രാത്രി 11 മണിയോടെ വാർത്തശേഖരിച്ച് മടങ്ങിവരുന്നനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് വീണ് സുലഭ് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഒരു ഇഷ്ടിക ചൂളയ്ക്ക് സമീപം വെച്ച് അപകടത്തിൽ പെട്ട സുലഭിനെ ചൂളയിലെ തൊഴിലാളികളാണ് കണ്ടത്. ഇവർ സുലഭിന്റെ ഫോണിൽ നിന്ന് നമ്പറെടുത്ത് സുഹൃത്തുക്കളെ വിവരമറിയിച്ചു. ആംബുലൻസ് വിളിച്ചുവരുത്തുന്നതും തൊഴിലാളികളാണ്. സുലഭിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ബൈക്കിൽ സുലഭ് തനിച്ചാണ് യാത്ര ചെയ്തതെന്നും ഹാൻഡ് പമ്പിലിടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. -പ്രതാപ്ഗഡിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സുരേന്ദ്ര ദ്വിവേദി പറഞ്ഞു.

എന്നാൽ സുലഭിന്റെ മരണസമയത്തെ ചിത്രങ്ങളിൽ ഇയാളുടെ മുഖത്ത് പരിക്കേറ്റതായി വ്യക്തമാണ്. തന്നെയുമല്ല വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലുമാണ്. സുലഭിന് ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

ജില്ലയിലെ മദ്യ മാഫിയക്കെതിരായ തന്റെ റിപ്പോർട്ട് ജൂൺ ഒമ്പതിന് വന്നതുമുതൽ ഈ റിപ്പോർട്ടിനെ ചൊല്ലി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഒരിക്കൽ വീട്ടിലേക്ക് മടങ്ങുമ്പോൾ തന്നെ ആരോ പിന്തുടരുന്നത് പോലെ അനുഭവപ്പെട്ടുവെന്നുമാണ് പോലീസിന് നൽകിയ കത്തിൽ സുലഭ് എഴുതിയിരിക്കുന്നത്. മദ്യ മാഫിയ റിപ്പോർട്ടിൽ അസന്തുഷ്ടരാണെന്നും ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും സോഴ്സുകൾ അറിയിച്ചതായും താനും കുടുംബവും വളരെയധികം ആശങ്കയിലാണെന്നും പോലീസിന് നൽകിയ കത്തിൽ ശ്രീവാസ്തവ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ പ്രാദേശിക പോലീസിന് നിർദേശം നൽകിയിട്ടുളളതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രേം പ്രകാശ് എബിപി ന്യൂസിനോട് പറഞ്ഞു.

മാധ്യമപ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. 'അലിഗഡ് മുതൽ പ്രതാപ്ഗഡ് വരെയുളള മുഴുവൻ പ്രദേശത്തും മരണം താണ്ഡവമാടുകയാണ്. എന്നാൽ യുപി സർക്കാർ നിശബ്ദരാണ്. സത്യം വെളിയിൽ കൊണ്ടുവരുന്നതിനായി അപകടരമായ ചോദ്യങ്ങളാണ് മാധ്യമപ്രവർത്തകർ ഉന്നയിക്കുന്നത്. സർക്കാർ ഉറങ്ങുകയാണ്.' പ്രിയങ്ക ഗാന്ധി വദ്ര ട്വീറ്റ് ചെയ്തു. ജംഗിൾ രാജിനെ പ്രോത്സാഹിപ്പിക്കുന്ന യുപി സർക്കാരിന് മാധ്യമപ്രവർത്തകൻ സുലഭ് ശ്രീവാസ്തവയുടെ കണ്ണീർവാർക്കുന്ന കുടുംബത്തിന് എന്തെങ്കിലും മറുപടി നൽകാനുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു.