ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സംസ്ഥാന ബജറ്റില്‍ 300 കോടി രൂപ അനുവദിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച യോഗി സര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിര്‍മാണത്തിനും പ്രത്യേകമായി തുക വകയിരുത്തിയത്. 

രാമക്ഷേത്ര നിര്‍മാണത്തിനും അയോധ്യയിലേക്കുള്ള പ്രവേശന റോഡിനുമായി 300 കോടി അനുവദിച്ചതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു. അയോധ്യയിലെ ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

വാരണാസിയിലെ ടൂറിസം മേഖലയുടെ വികസനത്തിനായി 100 കോടി രൂപയും ചിത്രകൂടിലെ വിവിധ ടൂറിസം വികസന പദ്ധതികള്‍ക്കായി 20 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. മുഖ്യമന്ത്രിയുടെ ടൂറിസം വികസന പദ്ധതിക്കായി 200 കോടി രൂപ വകയിരുത്താനും ബജറ്റില്‍ നിര്‍ദേശിച്ചു.

ലഖ്നൗവിലെ ഉത്തര്‍പ്രദേശ് ട്രൈബല്‍ മ്യൂസിയത്തിനായി എട്ട് കോടിയും ഷാജഹാന്‍പൂരിലെ സ്വാതന്ത്ര്യ സമര മ്യൂസിയത്തിനായി നാല് കോടിയും സംസ്ഥാനത്ത് നടക്കുന്ന ചൗരി ചൗരാ ശതാബ്ദതി ആഘോഷങ്ങള്‍ക്കായി 15 കോടിയും ബജറ്റില്‍ വകയിരുത്തി. 

2020-2021 സാമ്പത്തിക വര്‍ഷത്തേക്ക് 5.5 ലക്ഷം കോടി രൂപയുടെ അടങ്കല്‍ ബജറ്റാണ് യോഗി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ബജറ്റ് കുടിയാണിത്. കടലാസ് രഹിത ബജറ്റ് എന്ന പ്രത്യേകതയും യോഗി സര്‍ക്കാരിന്റെ അവസാന ബജറ്റിനുണ്ട്.

content highlights: UP Govt Allocates Rs 300 cr for Ram Temple Construction