ഇരയുടെ വീടിന് പുറത്ത് നിലയുറപ്പിച്ച പോലീസ് | Photo: PTI
ലഖ്നൗ: ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനുള്ള സുരക്ഷ യു.പി പോലീസ് ശക്തമാക്കി. സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കുടുംബത്തിനുള്ള സുരക്ഷ കർശനമാക്കാൻ യു.പി പോലീസിന് സർക്കാർ നിർദേശം നൽകിയത്.
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന വീട് 24 മണിക്കൂറും പോലീസ് നിരീക്ഷണത്തിലാണ്. കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ലോക്കൽ പോലീസ് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൃത്യമായ നിരീക്ഷണത്തിനായി വീടിന് ചുറ്റും സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷാ ചുമതലയ്ക്കായി രണ്ട് വനിത എസ്ഐയെയും ആറ് വനിത കോൺസ്റ്റബിളിനെയും പെൺകുട്ടിയുടെ വീട്ടിൽ നിയോഗിച്ചിട്ടുണ്ടെന്ന് ഹാഥ്റസ് എസ്.പി വിനീത് ജയ്സ്വാൾ വ്യക്തമാക്കി. ഇരയുടെ സഹോദരന്റെ സുരക്ഷയ്ക്കായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വീടിന് പുറത്ത് സായുധ സുരക്ഷാ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചുണ്ടെന്ന് എസ്.പി കൂട്ടിച്ചേർത്തു.
ഇതിന് പുറമേ ഗ്രാമത്തിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 15 പോലീസുകാർ, മൂന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവരെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേക പ്രവേശന രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയ ശേഷമാണ് കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തുന്നവരെ വീട്ടിലേക്ക് കടത്തിവിടുന്നുള്ളു. കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി.
പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ തങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഹാഥ്റസ് ഗ്രാമം വിട്ട് മറ്റെവിടെക്കെങ്കിലും താമസം മാറാൻ ആഗ്രഹിക്കുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. അറസ്റ്റിലായ പ്രതികളെ പിന്തുണയ്ക്കുന്നവരുടെ ഭീഷണി ഭയക്കുന്നതായും വരും ദിവസങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്നും യുവതിയുടെ സഹോദരൻ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് കുടുംബത്തിന് യുപി പോലീസ് സുരക്ഷ ഒരുക്കിയത്.
കേസിലെ പ്രതികളെ ന്യായീകരിച്ച് ഉയർന്ന ജാതിയിൽപ്പെട്ട ചിലർ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും നേരത്തെ സോഷ്യൽ മീഡികളിൽ പ്രചരിച്ചിരുന്നു.
content highlights:UP government provides three-layer security to victim's family, CCTV cameras installed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..