ലഖ്നൗ: മദ്യവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മദ്യത്തിന്റെ ഇനം, അളവ് എന്നിവക്കനുസരിച്ച് അഞ്ച് രൂപ മുതല്‍ 500 രൂപവരെയാണ് വിലവര്‍ധന. ബുധനാഴ്ച അര്‍ധരാത്രിമുതലാണ് പുതുക്കിയ നിരക്ക് നിലവില്‍ വരുക. 

മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു. 

ഇപ്പോള്‍ 65 രൂപക്ക് ലഭിക്കുന്ന ഒരു കുപ്പി മദ്യത്തിന്റെ വില ഇനിമുതല്‍ 70 രൂപയായിരിക്കും. ഇതുപോലെ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുന്ന 75 രൂപ വിലുള്ള മദ്യത്തിന് ഇനിമുതല്‍ 80രൂപയായിരിക്കും. 

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് എക്കണോമി ക്ലാസ് 180 മില്ലി കുപ്പി മദ്യത്തിന് 10 രൂപയാണ് വര്‍ധനവ്. അതേസമയം 180 മില്ലിക്കും 500 മില്ലിക്കും ഇടയിലുള്ള കുപ്പിക്ക് 20 വരെയാണ് വര്‍ധനവ്.  

500 മില്ലിയില്‍ അധികമുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 30 രൂപയാണ് വര്‍ധനവ്. സമാനമായ ഇടത്തരം മദ്യത്തിനും 30 രൂപയാണ് വര്‍ധനവ് ഈടാക്കുക.

റെഗുലര്‍, പ്രീമിയം ക്ലാസുകളിലുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 180 മില്ലിക്ക് 20 രൂപയും 180നും 500മില്ലിക്കും ഇടയിലുള്ള ഒരുകുപ്പി മദ്യത്തിന് 30 രൂപയും 500 മില്ലിയില്‍ കൂടുതലുള്ളതിന് 50 രൂപയുമാണ് വര്‍ധനവ്. 

അതേസമയം ഇറക്കുമതി ചെയ്ത മദ്യത്തിന് 180 മില്ലി കുപ്പിക്ക് 100 രൂപയും 180 മില്ലി മുതല്‍ 500 മില്ലി വരെ പരിധിയുള്ളതിന് 200 രൂപയും 500 മില്ലി ലിറ്റര്‍ ശേഷിയുള്ള ഒരു കുപ്പിക്ക് 400 രൂപയും വര്‍ദ്ധനവ് കാണും.

 

Content Highlights: up government hikes liquor price 5 to 500 during lock down