ലഖ്‌നൗ: രാജ്യത്ത് അഞ്ചു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറി ഉത്തര്‍പ്രദേശ്. ഒപ്പം ഒരു ദിവസം ഏറ്റവും കൂടുതല്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന മധ്യപ്രദേശിന്റെ റെക്കോര്‍ഡും മറികടന്നു.

പ്രത്യേക കാമ്പയിനിന്റെ ഭാഗമായി ഇന്ന് 25 ലക്ഷത്തോളം വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ജൂണില്‍ മധ്യപ്രദേശില്‍ 17 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തതായിരുന്നു ഒരു ദിവസത്തെ റെക്കോര്‍ഡ്. ഇന്നത്തെ വാക്‌സിനേഷന്‍ കണക്കുകള്‍ അടക്കം ഉത്തര്‍പ്രദേശില്‍ ഇതുവരെ 5.15 കോടി കോവിഡ് ഡോസുകള്‍ വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

മഹാരാഷ്ട്രയാണ് കോവിഡ് വാക്‌സിനേഷനില്‍ രണ്ടാമതുള്ളത്. അഞ്ചു കോടിക്കടുത്തായി ഡോസുകള്‍ മഹാരാഷ്ട്രയില്‍ വിതരണം ചെയ്തിട്ടുണ്ട്. 3.75 കോടി ഡോസുകള്‍ വിതരണം ചെയ്ത രാജസ്ഥാനും ഗുജറാത്തുമാണ് തൊട്ടുപിന്നിലായിട്ടുള്ളത്.

ചൊവ്വാഴ്ച രാജ്യത്ത് നല്‍കിയ കോവിഡ് വാക്‌സിനുകളില്‍ 47 ശതമാനവും ഉത്തര്‍പ്രദേശിലാണ് വിതരണം ചെയ്തിരിക്കുന്നത്. വൈകീട്ട് ഏഴ് മണിവരെയുള്ള കണക്കനുസരിച്ച് 56 ലക്ഷം ഡോസുകള്‍ രാജ്യത്താകമാനം വിതരണം ചെയ്തു.

അതേ സമയം ജനസംഖ്യാ അടിസ്ഥാനത്തില്‍ കുത്തിവെപ്പെടുക്കുന്നവരുടെ എണ്ണത്തില്‍ യുപി രണ്ടാമതാണ്. ഒരു ലക്ഷം പേരില്‍ 22000 പേര്‍ എന്ന നിരക്കിലാണ് യുപിയിലെ കോവിഡ് വാക്‌സിനേഷന്‍. ജനസംഖ്യാടിസ്ഥാനത്തിലുള്ള വാക്‌സിനേഷനില്‍ ബിഹാറാണ് രാജ്യത്ത് ഏറ്റവും പിന്നില്‍. ബിഹാറില്‍ ഒരു ലക്ഷത്തില്‍ 21000 പേര്‍ക്കാണ് വാക്‌സിനേഷന്‍ നടത്തിയത്. 23 കോടിയോളമാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. ഇതില്‍ 81 ലക്ഷം പേരാണ് രണ്ടു ഡോസുകളുമെടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചത്. 4.3 കോടി ആളുകള്‍ ഒറ്റ ഡോസ് മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. 2.4 കോടി ഡോസുകള്‍ വിതരണം ചെയ്തിട്ടുള്ളത് 18നും 44 വയസിനും ഇടയിലുള്ളവര്‍ക്കാണ്.

ചൊവ്വാഴ്ച 25 ലക്ഷം ഡോസുകള്‍ വിതരണം ചെയ്‌തെങ്കിലും മറ്റു ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ വാക്‌സിന്‍ വിതരണം ഇത്രത്തോളമില്ല. തിങ്കളാഴ്ച 3.8 ലക്ഷം ഡോസുകള്‍ മാത്രമാണ് വിതരണം ചെയ്തത്. ശനിയാഴ്ച 6.27 ലക്ഷവും വെള്ളിയാഴ്ച 8.6 ലക്ഷം ഡോസും വിതരണം ചെയ്തു. ജൂലായ് 23-നാണ് ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ ഡോസുകള്‍ വിതരണം ചെയ്തത്. 10.27 ലക്ഷം പേര്‍ക്കാണ് അന്ന് കുത്തിവെപ്പെടുത്തത്. ഓഗസ്റ്റ് അവസാനമാകുമ്പോഴേക്കും പത്ത് കോടി ഡോസുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.