കര്‍ണാല്‍: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്തവിതരണ കച്ചവടകേന്ദ്രങ്ങളില്‍ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ അമ്പതോളം കര്‍ഷകര്‍ ഹരിയാണയിലെ കര്‍ണാലില്‍ പ്രവേശിക്കുന്നത്‌ തടഞ്ഞു. കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെയാണ് ഇവര്‍ അതിര്‍ത്തിയില്‍ തടയപ്പെട്ടത്. 

ബസുമതി ഇതര ഉത്പന്നങ്ങളുടെ വില്പനയ്ക്കായി കര്‍ഷകര്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയുന്നതിനായി കര്‍ണാല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ നിഷാന്ത് യാദവ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രാദേശിക കര്‍ഷകരുടെ വിളകള്‍ക്ക് മുന്‍ഗണന ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. 

ബസുമതി ഇതര അരി ഇനങ്ങള്‍ വില്‍ക്കുന്നതിനായി കര്‍ഷകര്‍ക്ക് അനുമതി നല്‍കുമെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഊഴത്തിനായി കാത്തിരിക്കേണ്ടതുണ്ടെന്നും ഹരിയാണ സര്‍ക്കാര്‍ പറഞ്ഞു. 

'ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തങ്ങളുടെ വിളകള്‍ വില്‍ക്കാനായി ഹരിയാണയിലെത്തുന്ന കര്‍ഷകരെ തടയുന്ന ഒരു നിയമവും ഇല്ല. എന്നിരുന്നാലും ഞങ്ങള്‍ക്ക് ഒരു പോര്‍ട്ടലുണ്ട്. അതില്‍ കര്‍ഷകര്‍ അവരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. അത് അവരില്‍ നിന്ന് ഉല്പ്പന്നങ്ങള്‍ വാങ്ങുന്നത് ഞങ്ങള്‍ക്ക് കുറേക്കൂടി എളുപ്പമാകും. പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കര്‍ഷകര്‍ക്കും എന്നാണ് ചന്തയില്‍ എത്തേണ്ടതെന്ന തിയതി മെസേജായി ലഭിക്കും.'  അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ.ദാസ് പറഞ്ഞു. 

'ഞങ്ങള്‍ ഈ കര്‍ഷകരോടും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ക്ക് തിയതി അറിയിച്ചുകൊണ്ടുളള സന്ദേശം ലഭിക്കും. ആ ദിവസംഅവര്‍ക്ക് അവരുടെ ഉല്പന്നവുമായി ഇവിടെ വരാം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ പ്രാദേശിക കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പറയുന്ന ഒഴിവുകഴിവുമാത്രമാണ് ഇതെന്നാണ് കര്‍ഷകരും കാര്‍ഷിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രപരം എന്നുവിശേഷിപ്പിച്ച പുതിയ കാര്‍ഷികനിയമത്തിന് എതിരാണ് ഇതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ കാതലായിരുന്നു താങ്ങുവില.

Content Highlights:UP farmers stopped at Haryana Border