ലഖിംപുര്‍ ഖേരി: ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ നിര്‍വേന്ദ്ര കുമാര്‍ മുന്നയെ അക്രമിസംഘം മര്‍ദ്ദിച്ചു കൊന്നു. ഇദ്ദേഹത്തിന്റെ മകന്‍ സഞ്ജീവ് കുമാര്‍ മുന്നയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ജംഗിള്‍ രാജ് ഭയാനകമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്ന വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. 

നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള ഭൂമി തര്‍ക്കമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. പ്രദേശത്തെ ബസ് സ്റ്റാന്‍ഡിന് സമീപമാണ് കേസില്‍പ്പെട്ട ഭൂമി. ഞായറാഴ്ച ഒരു സംഘം ആളുകള്‍ ഭൂമി ബലമായി പിടിച്ചെടുക്കുന്നതിനായി സ്ഥലത്തെത്തി. മുന്‍ എംഎല്‍എയും മകനും ചേര്‍ന്ന് ഇതിനെ എതിര്‍ത്തതോടെ സംഘര്‍ഷമുണ്ടായി. കിഷന്‍ കുമാര്‍ ഗുപ്ത എന്നയാളുടെ നേതൃത്വത്തിലെത്തിയ സംഘം തുടര്‍ന്ന് മുന്‍ എംഎല്‍എയേയും മകനേയും ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

ഗുരുതരമായി പരിക്കേറ്റ നിര്‍വേന്ദ്ര കുമാര്‍ മുന്നെയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മകന്റെയും പരിക്ക് ഗുരുതരമാണ്. മുന്‍ എംഎല്‍എ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ലഖിംപൂരില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ ആരും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. 

മരിച്ച നിര്‍വേന്ദ്ര കുമാര്‍ മുന്ന 1989 ല്‍ നിഘാസന്‍ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991 ലും 93 ലും സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലാണ് വിജയിച്ചത്. സംസ്ഥാനത്തെ ജംഗിള്‍ രാജ് ഭയാനകമായ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്ന് യു.പി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഹൃദയഭേദകമായ സംഭവമാണ് നടന്നതെന്നും ഇതേക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.

Content Highlights: UP: Ex-MLA beaten to death, son injured