ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ പരാജയത്തിന് ആരും ഉത്തരവാദികളല്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. വോട്ടര്‍മാരെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപിയില്‍ ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ കണ്ടിട്ടാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്തത്. അവര്‍ ആ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നോക്കാം. നേരത്തേയും പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പിന്നീട് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുമുണ്ടെന്നും മുലായം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി യുപിയില്‍ മല്‍സരിച്ച എസ്പിക്ക് 403 ല്‍ 56 സീറ്റ് മാത്രമേ നേടാനായുള്ളു.

സംസ്ഥാനത്ത് 325 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. മുലായവും അഖിലേഷ് യാദവുമായുള്ള തര്‍ക്കമായിരുന്നു യുപി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ശ്രദ്ധേയമായ കാര്യം.