കാൻപുര്‍: ഖജാൻജിക്ക് സംസാരിക്കാനറിയില്ല, ചിരിക്കാന്‍ അവന്‍ തുടങ്ങിയിട്ടേയുള്ളു. തല എങ്ങനെ നേരെ വയ്ക്കാമെന്നു പഠിച്ചുവരുന്നതേയുള്ളു. പക്ഷേ  ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരം ഖജാൻജിയാണ്. 

രണ്ട് മാസം മുന്‍പ് ജനിച്ച ഖജാൻജിയുടെ പേര് ശനിയാഴ്ച ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വച്ച് അഖിലേഷ് യാദവ് പറഞ്ഞതോടെയാണ് കുട്ടി താരമായത്.  തിരഞ്ഞെടുപ്പില്‍  അഖിലേഷ് യാദവിന് നരേന്ദ്രമോദിയെ ആക്രമിക്കാനുള്ള ആയുധമാണ് രണ്ടുമാസം പ്രായമുള്ള ഈ കുട്ടി.  പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നോട്ട് മാറാന്‍ അമ്മ ക്യൂവില്‍ നിന്നപ്പോഴാണ് ഖജാൻജിയുടെ ജനനം.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ക്യൂവില്‍ നിന്നപ്പോള്‍ ജന്മം നല്‍കിയ കുട്ടിയാണിതെന്നും ബാങ്ക് ജീവനക്കാരോടുള്ള ബഹുമാനാര്‍ത്ഥം കുഞ്ഞിന് ഖജാൻജിയെന്ന പേര് നല്‍കിയെന്നും, കുട്ടിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്നതായും അഖിലേഷ് യാദവ് റാലിയില്‍ പറഞ്ഞു.

ഖജാൻജിയുടെ അമ്മ സര്‍വേഷാ ദേവി  ജിഞ്ചാക് നഗരത്തിലെ ബാങ്കിനു മുന്നില്‍ അഞ്ച് മണിക്കൂറോളാമാണ് ക്യൂ നിന്നത്. പാമ്പാട്ടിയായിരുന്ന ഇവരുടെ ഭര്‍ത്താവ് അടുത്തിടെ മരിച്ചിരുന്നു. സര്‍വേഷാ ദേവിയുടെ അഞ്ചാമത്തെ കുട്ടിയാണ് ഖജാൻജി.ബാങ്കിൽ വെച്ച് ജനിച്ചതായതിനാൽ കുട്ടിയ്ക്ക് പണം സൂക്ഷിക്കുന്നയാള്‍ എന്നര്‍ത്ഥമുള്ള ഖജാൻജിയെന്ന പേരിടുകയായിരുന്നു.