ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസ് പുറത്തിറക്കിയ സ്ഥലംമാറ്റപ്പട്ടികയില്‍ ഒരുമാസം മുമ്പ് മരിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പേരും. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി ജോലിനോക്കവെ മരിച്ച സത്യനാരായണ്‍ സിങ്ങിന്റെ പേരാണ് സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ടത്. അബദ്ധം മനസിലാക്കിയതോടെ ക്ഷമാപണവുമായി സംസ്ഥാന പോലീസ് മേധാവിതന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ഒ.പി സിങ് വ്യക്തമാക്കി. ഗുരുതരമായ തെറ്റുസംഭവിച്ചതില്‍ അതിയായി ഖേദിക്കുന്നുവെന്നും മരിച്ച സത്യനാരായണ്‍ സിങ്ങിനെ സ്ഥലംമാറ്റിക്കൊണ്ട് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ഇത്തരത്തിലുള്ള മണ്ടത്തരം ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. വകുപ്പ് മേധാവിയെന്ന നിലയില്‍ താന്‍ മാപ്പുചോദിക്കുന്നു. കടുത്ത നടപടി സ്വീകരിക്കുമെന്നും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്.

Content Highlights: UP Police, Transfer list, DGP apologyses