ലഖ്‌നൗ: നിരന്തരം ശല്യംചെയ്യുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ജലാവ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനൂജ് മിശ്രയെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. 

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയ്‌ക്കൊപ്പം അനൂജ് മിശ്ര നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യം പ്രചരിക്കുന്നത്. ശനിയാഴ്ച ഒറായിലെ റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 

കോണ്‍ഗ്രസ് നേതാവ് തങ്ങളെ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മിശ്രയെ മര്‍ദ്ദിച്ച മായ, വര്‍ഷ എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു. യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനോട് പരാതിപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും അവരും നടപടികള്‍ സ്വീകരിച്ചില്ല. 

മറ്റൊരു പോംവഴിയും മുന്നില്‍ ഇല്ലാത്തതിനാല്‍ മിശ്രയെ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. തങ്ങള്‍ക്ക് മറ്റെന്തുചെയ്യാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Content Highlights: UP Dist Cong chief thrashed for stalking