ലഖ്‌നൗ : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി.സിങ് കത്തയച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ അക്രമം അഴിച്ചുവിട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.പി. പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഈ സംഭവങ്ങളില്‍ യുപിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഡിജിപി കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. 

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് യു.പി. പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കാണ്‍പൂരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍നിന്നുള്ളവരുമുണ്ടെന്നാണ് യു.പി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്. ഇവരെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിക്കുമെന്നും യു.പി. പോലീസ് അറിയിച്ചിരുന്നു. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് യുപിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ പലയിടങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ യു.പി. സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

Content Highlights: UP DGP OP Singh writes a letter to the Ministry of Home Affairs, requesting to impose a ban on PFI