
Yogi Adityanath | Photo: ANI
ലക്നൗ: അടുത്ത 100 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ പതിനായിരത്തിലധികം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കാന് നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടി എല്ലാ സര്‍വീസ് സെലക്ഷന് ബോര്‍ഡുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
'യുവാക്കളെ സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനും അവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ പതിനായിരത്തിലധികം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കാന് സര്‍ക്കാര്‍ എല്ലാ സര്‍വീസ് സെലക്ഷന് ബോര്‍ഡുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്', യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രിയായി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേറ്റയുടന്‍ യോഗി പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ചയായിരുന്നു ആദ്യ മന്ത്രിസഭായോഗം ചേര്‍ന്നത്. ഈ മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ജോലി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണം മുന്നില്‍കണ്ടുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് മുന്‍നിര്‍ത്തിയായിരിക്കും യോഗി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുകയെന്നാണ് സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..