ലഖ്‌നൗ: ജമ്മു കശ്മീരിലെ ഹിന്ദ്വാരയില്‍ ലഷ്‌കര്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ സ്വദേശിയാണ് കേണല്‍ ശര്‍മ. രാജസ്ഥാനിലെ ജയ്പൂരിലാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. 

കേണലിന്റെ കുടുംബത്തിലെ ഒരാാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ബുലന്ദ്ഷറിലെ സ്വന്തം ഗ്രാമത്തില്‍ അദ്ദേഹത്തിന് സ്മാരകം നിര്‍മ്മിക്കുമെന്നും യു.പി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയില്‍ 40 ലക്ഷം കേണലിന്റെ ഭാര്യയ്ക്കും 10 ലക്ഷം അമ്മയ്ക്കും നല്‍കുമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവാസ്തി പറഞ്ഞു. 

ഹിന്ദ്വാരയില്‍ ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ 20 മണിക്കൂറാണ് നീണ്ടത്. ഭീകര  സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡറെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഒരു കേണലും മേജറും അടക്കം  അഞ്ച് സുരക്ഷാ സൈനികരാണ് ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചത്.

Content Highlights: UP CM announces Rs 50 lakh for Handwara martyr Colonel's kin