ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് നിയമസഭയില്‍ വിശദീകരണം നല്‍കി യോഗി ആദിത്യനാഥ്. പോലീസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നും എന്നാല്‍ കലാപമുണ്ടായാല്‍ അവരുടെ ഭാഷയില്‍തന്നെ തിരിച്ചടിക്കുമെന്നും യു.പി. മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞു. 

ചിലര്‍ മരിക്കണമെന്ന ഉദ്ദേശ്യത്തോടെ വരികയാണെങ്കില്‍ എങ്ങനെയാണ് അവര്‍ ജീവനോടെയുണ്ടാവുക എന്നും യോഗി ആദിത്യനാഥ് ചോദിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍ ഇരുപത് പേരാണ് ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത്. എന്നാല്‍ ഇവരാരും പോലീസ് നടത്തിയ വെടിവെപ്പിലല്ല മരിച്ചതെന്നും യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു. 

പോലീസിന്റെ ബുള്ളറ്റുകള്‍ കൊണ്ട് ആരും മരിച്ചിട്ടില്ല. കലാപകാരികളുടെ ബുള്ളറ്റുകള്‍ കൊണ്ടാണ് അവരെല്ലാം മരിച്ചത്. വെടിവെക്കണമെന്ന നിശ്ചയത്തോടെ ചിലര്‍ തെരുവിലിറങ്ങിയാല്‍ അവരോ അല്ലെങ്കില്‍ പോലീസുകാരോ മരിക്കും- അദ്ദേഹം വിശദീകരിച്ചു. 

ആസാദി മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. എന്ത് ആസാദിയാണ് വേണ്ടത്? ജിന്നയുടെ സ്വപ്‌നം നടപ്പാക്കാന്‍ വേണ്ടിയാണോ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്? അതോ ഗാന്ധിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനോ?  ഡിസംബറിലെ കലാപത്തിന് ശേഷം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച പോലീസിനെ സ്തുതിക്കണം- യോഗി ആദിത്യനാഥ് പറഞ്ഞു. 

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരിക്കലും സമരക്കാര്‍ക്ക് എതിരല്ലെന്നും എന്നാല്‍ കലാപം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യരീതിയിലുള്ള എല്ലാ പ്രതിഷേധങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കുമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും അതിന്റെ മറവില്‍ അന്തരീക്ഷം കലുഷിതമാക്കിയാല്‍, കലാപമുണ്ടാക്കിയാല്‍ അവര്‍ക്ക് അവരുടെ ഭാഷയില്‍തന്നെ ഞങ്ങള്‍ മറുപടി നല്‍കും- യോഗി ആദിത്യനാഥ് പറഞ്ഞു. 

Content Highlights: up chief minister yogi adityanath speech in up assembly on caa protests and deaths