ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ മന്ത്രിസഭാ വികസനത്തിനൊരുങ്ങി ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇന്നു വൈകുന്നേരം അഞ്ചുമണിയോടെ ആറോ ഏഴോ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടന നടത്തുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. 

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം മുന്‍നിര്‍ത്തിയാണ് മന്ത്രിസഭാ വികസനം. വിവിധ ജാതിയില്‍നിന്നും സമുദായത്തില്‍നിന്നുമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും മന്ത്രിസഭ വികസിപ്പിക്കുക. ഇക്കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദ, ബി.ജെ.പി. സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയിലെ സഞ്ജയ് നിഷാദ് തുടങ്ങിയവരാണ് സാധ്യതാപട്ടികയിലുള്ളത്.

രാഹുലിന്റെ അടുത്ത അനുയായി ആയിരുന്ന ജിതിന്‍ പ്രസാദ, സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്രാഹ്‌മണ മുഖം കൂടിയായിരുന്നു. ജിതിന്‍ പ്രസാദയെ മന്ത്രിസഭയിലെടുക്കുന്നതോടെ ബ്രാഹ്‌മണ സമുദായത്തിന്റെ പിന്തുണ ലഭ്യമാകുമെന്നാണ് ബി.ജെ.പി. വിലയിരുത്തല്‍. നിലവില്‍ യോഗി സര്‍ക്കാരിന് ഠാക്കൂര്‍ വിഭാഗത്തോട് താല്‍പര്യക്കൂടുതലുണ്ടെന്ന ആരോപണത്തെ അതിജീവിക്കാനും ഈ നീക്കം സഹായിച്ചേക്കും.

ഉത്തര്‍ പ്രദേശ് ജനസംഖ്യയില്‍ 13 ശതമാനത്തോളം വരുന്ന ബ്രാഹ്‌മണ സമുദായം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസില്‍നിന്ന് മാറി ബി.ജെ.പിയോട് അടുത്തുകൊണ്ടിരിക്കുകയുമാണ്. അതേസമയം, കഴിഞ്ഞ ജൂലൈയില്‍ ജിതിന്‍ പ്രസാദ ബ്രാഹ്‌മിണ്‍ ചേത്‌ന പരിഷത് ആരംഭിച്ചുവെങ്കിലും അതിന് വലിയ പ്രഭാവമൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.  

ഒ.ബി.സി. സമുദായത്തില്‍നിന്നുള്ളയാളാണ് സഞ്ജയ് നിഷാദ്. മകനും എം.പിയുമായ പ്രവീണ്‍ നിഷാദിന് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടംകിട്ടാത്തതില്‍ സഞ്ജയ് അതൃപ്തനായിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ബി.ജെ.പിക്ക് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സഞ്ജയെ ഉള്‍പ്പെടുത്തി പ്രശ്‌നപരിഹാരത്തിനുള്ള നീക്കമാണ് നടത്തുന്നത്. 

content highlights: up cabinet expansion likely today, jitin prasad may get minister berth