ഇന്ദ്രകാന്ത് ത്രിപാഠി ആരോപണമുന്നയിക്കുന്നു(ഇടത്), മണിലാൽ പഠിധർ(വലത്)| Screengrab: NDTV News Video
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ആരോപണമുന്നയിച്ച പ്രമുഖ വ്യവസായി വെടിയേറ്റ് മരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ മണിലാല്‍ പഠിധറിനെതിരെ ആരോപണമുയര്‍ത്തിയ ഖനി വ്യവസായി ഇന്ദ്രകാന്ത് ത്രിപാഠിയാണ് കാണ്‍പുരിലെ ആശുപത്രിയില്‍ മരിച്ചത്.
സെപ്റ്റംബര്‍ ആദ്യം മഹോബയ്ക്ക് സമീപം ത്രിപാഠിയെ സ്വന്തം ഔഡി കാറില്‍ കഴുത്തില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
ബുന്ദേല്‍ഖണ്ഡിലെ പ്രമുഖ ഖനന മേഖലയായ മഹോബയില്‍ മുന്‍ പോലീസ് മേധാവിയായിരുന്ന മണിലാല്‍ പഠിധറിനെതിരെ ത്രിപാഠി വീഡിയോയിലൂടെ ആരോപണം ഉയര്‍ത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വന്‍ തോതില്‍ പ്രചരിച്ച വീഡിയോയില്‍ മണിലാല്‍ പഠിധര്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നും തന്നെ ഭീഷണിപ്പെടുത്തുന്നതായും ത്രിപാഠി ആരോപിച്ചിരുന്നു. തന്റെ ജീവന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി മണിലാലായിരിക്കുമെന്നും ത്രിപാഠി പറഞ്ഞിരുന്നു.
ത്രിപാഠിയ്ക്ക് വെടിയേറ്റ് 24 മണിക്കൂറിനുള്ളില്‍ തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണിലാലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ത്രിപാഠിയുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് വധശ്രമത്തിനും ഭീഷണിയ്ക്കും മണിലാലിനും മറ്റു രണ്ട് പോലീസുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ മണിലാലിനെ അറസ്റ്റ് ചെയ്തിട്ടില്ല. ത്രിപാഠിക്കെതിരെ വെടിയുതിര്‍ത്തതാരാണെന്ന് കണ്ടെത്തിയിട്ടില്ല.
സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യോഗി സര്‍ക്കാരിനെ കുറ്റപ്പെടുത്തി. അഴിമതി ചൂണ്ടിക്കാട്ടിയ വ്യക്തിക്ക് നേരെ വെടിവെക്കുന്ന നയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പ്രതിപക്ഷത്തിനെതിരെ വ്യാജഏറ്റുമുട്ടലുകളും വ്യാജ കേസുകളും സൃഷ്ടിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.
Content Highlights: UP Businessman Who Accused IPS Officer Of Extortion Dies Of Bullet Injury
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..