ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ കൊഴിഞ്ഞു പോക്ക് തുടരുമെന്ന് ആയുഷ് വകുപ്പ് മന്ത്രിയായിരുന്ന ധരം സിങ് സൈനി. ജനുവരി 20 വരെ ബി.ജെ.പിയിൽ നിന്ന് നേതാക്കൾ രാജിവെക്കുന്നത് തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇനിയുള്ള ദിവസങ്ങളിൽ യുപിയിലെ ഒരു മന്ത്രിയും രണ്ടോ മൂന്നോ എം.എൽ.എമാരും ബിജെപിയിൽ നിന്ന് രാജിവെക്കും. ജനുവരി 20 വരെ ഇത് തുടരുമെന്നും സൈനി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയായിരുന്നു ധരം സിങ് സൈനി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ ഒമ്പത് എംഎൽഎമാരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിങ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച മറ്റു മന്ത്രിമാര്‍. സ്വാമി പ്രസാദ് മൗര്യയുമായി ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപി വിടുന്ന ഭൂരിപക്ഷം എംഎല്‍എമാരും.

ദളിത്, പിന്നാക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബി.ജെ.പിയും യോഗി സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവെക്കുന്നവരുടെ പ്രധാന ആരോപണം.

Content Highlights: UP BJP will see resignations each day till Jan 20 - Dharam Singh Saini