അയോധ്യ: വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളേജിൽ പ്രവേശനം നേടിയ സംഭവത്തിൽ ബിജെപി എംഎൽഎ ഇന്ദ്രപ്രതാപ് തിവാരിയ്ക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ച് പ്രത്യേക കോടതി. അയോധ്യയിലെ ഗോസായിഗഞ്ചിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ഇന്ദ്രപ്രതാപ് തിവാരി. 

28 വർഷം പഴക്കമുള്ള കേസിനാണ് ഇപ്പോൾ പ്രത്യേക കോടതി ജഡ്ജി പൂജ സിംഗ് വിധി പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് ജയിലിലേക്ക് മാറ്റുകയും ചെയ്തു. 8000 രൂപ ഇയാളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

1992ൽ അയോധ്യയിലെ സാകേത് കോളേജ് പ്രിൻസിപ്പൽ യദുവൻഷ് റാം ത്രിപാഠിയാണ് ഇയാൾക്കെതിരെ രാം ജന്മഭൂമി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഡിഗ്രി രണ്ടാം വർഷ പരീക്ഷയിൽ ഇന്ദ്രപ്രതാപ് പരാജയപ്പെട്ടിരുന്നു. എന്നാൽ വ്യാജ മാർക്ക് ഷീറ്റ് ഉപയോഗിച്ച് 1990ൽ ഇയാൾ അടുത്ത വർഷ ക്ലാസിലേക്ക്‌ പ്രവേശിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. 

കേസിൽ 13 വർഷങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഇതിനിടെ പല ഒറിജിനൽ രേഖകളും അപ്രത്യക്ഷമാവുകയായിരുന്നു. ഇതിന്റെ കോപ്പികളായിരുന്നു പിന്നീട് കോടതിയിൽ ഉപയോഗിച്ചത്. ഇതിനിടെ പരാതിക്കാരനായ പ്രിൻസിപ്പൽ ത്രിപാഠി മരിച്ചിരുന്നു. ശേഷം സാകേത് കോളേജിലെ മറ്റൊരു ഉദ്യോഗസ്ഥൻ മഹേന്ദ്ര അഗർവാൾ കേസുമായി മുന്നോട്ട് പോവുകയായിരുന്നു. 

Content highlights: UP BJP MLA gets 5 years in jail in 28-year-old fake mark sheet case