ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നല്‍കുമെന്നാണ് വാഗ്ദാനം.

'കഴിഞ്ഞ ദിവസം ഞാന്‍ കുറച്ച് പെണ്‍കുട്ടികളെ കണ്ടു. പഠനത്തിനും സുരക്ഷയ്ക്കുമായി മൊബൈല്‍ ഫോണ്‍ വേണമെന്ന് അവര്‍ എന്നോട് പറഞ്ഞു. തിരഞ്ഞടുപ്പിലൂടെ അധികാരത്തില്‍ വന്നാല്‍ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നല്‍കാന്‍ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയക്കട്ടെ' സാമൂഹുക മാധ്യമത്തിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ പ്രിയങ്ക പറഞ്ഞു.

ഈ ആഴ്ച പ്രിയങ്ക നല്‍കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന പ്രകടന പത്രികയുടെ ഭാഗമാണ് ഈ പ്രഖ്യാപനങ്ങളെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ പ്രഖ്യാപനങ്ങളിലൂടെ സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ നേടിയടുക്കാനാകുമെന്നാണ് കോണ്‍ഗ്രസും പ്രിയങ്കയും കണക്കുകൂട്ടുന്നത്. 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം ജനങ്ങള്‍ ഏറ്റെടുത്തെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇതാണ് ഇത്തരത്തിലുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് ക്യാമ്പിനെ പ്രേരിപ്പിച്ചത്.

സ്ത്രീകളുടെയും യുവാക്കളുടെയും വോട്ടുകള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വോട്ടര്‍മാരുടെ കണക്കും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ സംസ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വാഗ്ദാനം നല്‍കിയിരുന്നു.

Content Highlights: UP assembly polls: Priyanka promises phones, electric scooties for girl students