ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതി ചേദ്യംചെയ്ത് 140 ഹര്‍ജികളാണ് ബുധനാഴ്ച സുപ്രീം കോടതിക്ക് മുന്നിലേക്കെത്തിയത്. മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കൊപ്പം കേരളത്തില്‍നിന്നുള്ള നേതാക്കളടക്കം വിവിധ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും മറ്റും കൂട്ടമായി കോടതിക്കുള്ളിലേക്ക് കയറിയതോടെ മുമ്പൊന്നുമില്ലാത്ത വലിയ തിരക്കാണ് ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളില്‍ അനുഭവപ്പെട്ടത്.  

വാദം കേള്‍ക്കാന്‍ കോടതിയിലേക്കെത്തിയ ഉടന്‍ തന്നെ ആളുകളുടെ വലിയ തിരക്കില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 140 ഹര്‍ജിക്കാരുള്ളതിനാലാണ് ഇത്രയധികം തിരക്കുണ്ടായതെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും ചീഫ് ജസ്റ്റിസിനോട് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. അമേരിക്ക, പാകിസ്താന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ കോടതികളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും അഭൂതപൂര്‍വമായ തിരക്കില്‍ കോടതിയില്‍ ആശങ്ക രേഖപ്പെടുത്തി. തിരക്കൊഴിവാക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയ ശേഷമാണ് വാദം കേള്‍ക്കലിലേക്ക് കോടതി കടന്നത്. തിരക്കൊഴിവാക്കാന്‍ നടപടി ക്രമങ്ങള്‍ എന്തെങ്കിലും ആലോചിക്കണമെന്നും ചീഫ് ജസ്റ്റിന് വാദത്തിന് മുമ്പെ വ്യക്തമാക്കി. ആള്‍ക്കൂട്ട ബഹളത്തില്‍ അഭിഭാഷകരുടെ വാദങ്ങള്‍ കൃത്യമായി കേള്‍ക്കാനാവുന്നില്ലെന്നും വാദത്തിനിടയില്‍ ചീഫ് ജസ്റ്റിസ് താക്കീത് നല്‍കിയിരുന്നു. 

ഹര്‍ജിക്കാരുടെ വലിയ തിരക്കുകള്‍ക്കിടയില്‍ ആകെയുള്ള 140 ഹര്‍ജികളില്‍ ചില ഹര്‍ജികളുടെ വാദം മാത്രമാണ് കോടതി കേട്ടത്. പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ആവശ്യപ്പെടുന്നില്ലെങ്കിലും ഭരണഘടനാ വിരുദ്ധമായ ഈ നിയമം നടപ്പാക്കരുതെന്ന ആവശ്യം ഉന്നയിച്ചുള്ള വാദമാണ് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും മനു അഭിഷേക് സിങ്‌വിയും മുന്നോട്ടുവെച്ചത്. എന്നാല്‍ അറ്റോര്‍ണി ജനറല്‍ ഇതിനെയെല്ലാം എതിര്‍ത്തു. 

അതേസമയം കേന്ദ്രം നടപ്പാക്കിയ നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം അനുവദിക്കുകാണുണ്ടായത്. കോടതിയിലെത്തിയ 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. ബാക്കിയുള്ള 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ച സമയം അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും നാലാഴ്ച മാത്രമാണ് കോടതി അനുവദിച്ചത്. നാലാഴ്ചയ്ക്ക് ശേഷം ഹര്‍ജികളിലെ ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. 

നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പട്ടെങ്കിലും ഒരിടക്കാല ഉത്തരവ് ഇറക്കാന്‍ ബുധനാഴ്ച സുപ്രീംകോടതി തയ്യാറായിട്ടില്ല. ഇനി ത്രിപുരയില്‍നിന്നും അസാമില്‍നിന്നുമുള്ള ഹര്‍ജികള്‍ പ്രത്യേകം കേള്‍ക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ തീരുമാനം. 

content highlights; unprecedented rush in supreme court to hear the argument on CAA petition