രൺദീപ് ഗുലോറിയ | ഫോട്ടോ : PTI
ന്യൂഡല്‍ഹി: റെംഡെസിവിർ അനാവശ്യമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍, ദോഷം ചെയ്യുമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഓക്‌സിജന്‍ സിലിണ്ടറുകളും റെംഡെസിവിർ മരുന്നും പൂഴ്ത്തിവെയ്ക്കരുതെന്നും ഡോ. ഗുലേറിയ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
റെംഡെസിവിർ മരുന്നിന് ആശുപത്രിവാസം കുറയ്ക്കാനോ കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാനോ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് രൂക്ഷമായി ബാധിച്ചവരില്‍ ആശുപത്രി വാസം കുറയ്ക്കാന്‍ റെംഡെസിവിറിന് കഴിയുമെന്ന് യുഎസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഗുരുതരമല്ലാത്ത രോഗലക്ഷണമുളളവര്‍ക്ക് റെംഡെസിവിർ ആവശ്യമില്ലെന്നും ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. വീട്ടില്‍ സ്വയം നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ന് മുകളിലാണെങ്കില്‍ റെംഡെസിവിർ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണുബാധ രൂക്ഷമാകുന്നുവെന്ന് എക്‌സ്-റേ, സിടി സ്‌കാന്‍ അല്ലെങ്കില്‍ രക്ത റിപ്പോര്‍ട്ടുകള്‍ പറയുന്നുവെങ്കില്‍ മാത്രം ഡോക്ടര്‍മാര്‍ക്ക് റെംഡെസിവിർ ശുപാര്‍ശ ചെയ്യാം. കഠിന രോഗബാധയുള്ള രോഗികളില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ 93 ല്‍ താഴെയാകുമ്പോള്‍ മാത്രമേ ആശുപത്രികളില്‍ റെംഡെസിവിർ ആവശ്യമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിക്കുമെന്ന് പേടിച്ച് ആളുകള്‍ വീട്ടില്‍ റെംഡെസിവിർ മരുന്ന്, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഡോ. ഗുലേറിയ പറഞ്ഞു. റെംഡെസിവിർ ഒരു മാജിക് ബുള്ളറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Unnecessary use of Remdesivir in mild cases of Covid can cause more harm than good: AIIMS director
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..