രാജ്യത്തിന്റെ മനസ്സാക്ഷിയെ ആഴത്തില്‍ മുറിപ്പെടുത്തിയ അനുഭവങ്ങളാണ് ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി നേരിട്ടത്. പ്രമുഖ നേതാവിനെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടിക്ക് നഷ്ടപ്പെട്ടത് സ്വന്തം കുടുംബമായിരുന്നു; നേരിടേണ്ടിവന്നത് അതികഠിനമായ യാതനകളായിരുന്നു.

അവസാനം വാഹനാപകടത്തില്‍ മരണത്തോട് മല്ലടിച്ച് ജീവിതത്തിലേയ്ക്ക് തിരികെയെത്തിയ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ലഭിച്ച ആശ്വാസമായിരുന്നു പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ കുല്‍ദീപ് സോംഗറിനെ കുറ്റക്കാരാനെന്നു കണ്ടെത്തിക്കൊണ്ടുള്ള കോടതി വിധി. മരണം വരെ ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും ഡല്‍ഹിയിലെ തീസ് ഹസാരി കോടതി കുതല്‍ദീപിന് ശിക്ഷ വിധിച്ചു.  

ഉന്നാവോ ബലാത്സംഗ കേസിന്റെ നാള്‍വഴികളിലൂടെ...

2017 ജൂണില്‍ ആയിരുന്നു കേസിനടിസ്ഥാനമായ സംഭവം നടന്നത്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ സ്ഥലം എംഎല്‍എ കുല്‍ദീപ് സിങ് സോംഗര്‍ വീട്ടിലേക്ക് വിളിപ്പിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് മകളെ പത്ത് ദിവസമായി കാണുന്നില്ലെന്നും എംഎല്‍എയുടെ വീട്ടിലേക്ക് ജോലി ആവശ്യത്തിനായി പോയതാണെന്നും കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു. പിന്നീട് അയല്‍ഗ്രാമമായ ഓറിയയില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി പോലീസിനോട് കുല്‍ദീപ് സോംഗറിന്റെ പേര് വെളിപ്പെടുത്തിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല.

എംഎല്‍എ കുല്‍ദീപ് സിങ് സോംഗാറിനും സഹോദരന്‍ അതുല്‍ സിങിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇതിനിടയില്‍ പോലീസിന്റെ ശല്യം മൂലം ഡല്‍ഹിയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പെണ്‍കുട്ടി താമസം മാറുകയും ചെയ്തു. സോംഗറിന്റെയും സഹോദരന്റെയും പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തണമെന്നാശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ചു.

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിങ് അതിക്രൂരമായി മര്‍ദ്ദിച്ചു. ഇതിനെക്കുറിച്ച് പരാതിപ്പെട്ട പിതാവിനെതിരെ അനുവാദമില്ലാതെ ആയുധം കയ്യില്‍വെച്ചെന്ന കുറ്റം ചുമത്തി കള്ളക്കേസില്‍ കുടുക്കി പോലീസ് ജയിലില്‍ അടച്ചു.

ഏപ്രില്‍ ഒമ്പതിന് ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി അതുല്‍സിങ്ങിനെയും നാല് കൂട്ടാളികളെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയോട് ലക്നൗവിലെ എഡിജിപി രാജീവ് കൃഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു.

സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാകുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തതോടെ പീഡനക്കേസും കസ്റ്റഡി മരണവും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. ജൂലായ് ഏഴിനാണ് സോംഗാറിന്റെ സഹോദരന്‍ അതുല്‍ ഉള്‍പ്പടെ അഞ്ച്  പേരെ പ്രതികളാക്കി കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. പിന്നീട് കുല്‍ദീപ് സോംഗര്‍, ശശി സിങ് എന്നിവര്‍ക്കെതിരെയും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിനെതിരെ ഗൂഢാലോചന നടത്തി കള്ളക്കേസില്‍ കുടുക്കിയതിന് മൂന്ന് പൊലീസുകാരും സോംഗാറുമുള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെ കുറ്റംചുമത്തി.

പെണ്‍കുട്ടിയുടെ കുടുംബത്തെ വിവിധ രീതിയില്‍ അപകടപ്പെടുത്താനും ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കാനുമായിരുന്നു പിന്നീട് ശ്രമം. ഇതിന്റെ ഭാഗമായി അതുല്‍ സിങ്ങിന്റെ പരാതിയില്‍ 19 വര്‍ഷം പഴക്കമുള്ള കേസില്‍പെടുത്തി പെണ്‍കുട്ടിയുടെ അമ്മാവനെ ജില്ലാക്കോടതി 10 വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ചു.

ജൂലായ് 28ന് ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിയില്‍ പെണ്‍കുട്ടിയും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനത്തില്‍ ട്രക്ക് വന്നിടിച്ച് അപകടമുണ്ടായി. പെണ്‍കുട്ടിയെ കൂടാതെ വക്കീലും രണ്ട് അമ്മായിമാരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് അമ്മായിമാരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഇതില്‍ ഒരാള്‍ കേസിലെ ദൃക്സാക്ഷിയായിരുന്നു. പെണ്‍കുട്ടി ഗുരുതരമായി പരിക്കേറ്റ് കിങ് ജോര്‍ജ്സ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. തുടര്‍ചികിത്സയ്ക്കായി ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍നിന്ന് പെണ്‍കുട്ടിയെയും അഭിഭാഷകനെയും വിമാനമാര്‍ഗം എയിംസിലെത്തിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

നമ്പര്‍പ്ലേറ്റ് മറച്ച ട്രക്കാണ് അപകടമുണ്ടാക്കിയതെന്നും ദുരൂഹമായ ഈ വാഹനാപകടത്തിനു പിന്നില്‍ സോംഗറിന് പങ്കുള്ളതായും ആരോപണം ഉയര്‍ന്നു. പെണ്‍കുട്ടിയെയും മുഖ്യസാക്ഷിയെയും കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിന് കുല്‍ദീപ് സിങ് സോംഗറിനും മറ്റ് 29 പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളുടെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 45 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു.

കേസില്‍ ഡിസംബര്‍ 16ന് സോംഗര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി കണ്ടെത്തി. സെന്‍ഗറിന്റെ ബന്ധുവും സഹപ്രതിയുമായ ശശി സിങ്ങിന് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. സെന്‍ഗറിനെതിരായ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും ജഡ്ജി ചൂണ്ടിക്കാട്ടി. ഡിസംബര്‍ 20ന് ഡല്‍ഹിയിലെ പ്രത്യേക കോടതി ജീവിതാവസാം വരെ ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. 25 ലക്ഷം രൂപ പിഴയും. ഇതില്‍ 10 ലക്ഷം രൂപ പെണ്‍കുട്ടിക്കും. 15 ലക്ഷം രൂപ കോടതി ചിലവിനും സോംഗര്‍ നല്‍കണം. പെണ്‍കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഒരുക്കാനും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. 

Content Highlights; unnao rape case, unnao case timeline