ന്യൂഡൽഹി: ഉന്നാവോ ബലാല്‍സംഗകേസിലെ ഇരയെ പ്രതികള്‍ തീയിട്ടു കൊന്നതില്‍ പ്രതിഷേധിച്ച് സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നില്‍ സ്ത്രീയുടെ പ്രതിഷേധം. തന്റെ മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കൊണ്ടാണ് സ്ത്രീ പ്രതിഷേധിച്ചത്. സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിക്ക് അടിയന്തിരമായ ചികിത്സ നല്‍കുകയാണ്.

ഇനി പെണ്‍കുഞ്ഞിനെയും കൊണ്ട് എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചായിരുന്നു അമ്മയുടെ പ്രതിഷേധം.

ദിവസവും നടക്കുന്ന ബലാത്സംഗങ്ങളിൽ കടുത്ത പ്രതിഷേധമാണ് രാജ്യമെങ്ങും അലയടിക്കുന്നത്. ഉന്നാവോയിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീയിട്ടതിനെ തുടർന്ന് കഴി‍ഞ്ഞ ദിവസമാണ് ആ പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. സഫ്ദർജങ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്.

പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഏതാനും സ്ത്രീകള്‍ പ്രതിഷേധത്തിന് തുടക്കമിട്ടിരുന്നു. പോലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും വീണ്ടും സ്ത്രീകളെത്തി റോഡ് ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ പ്രതിഷേധത്തോട് ചേർന്ന് നിന്ന് കൊണ്ടാണ് തന്റെ ആറുവയസ്സുകാരിയായ മകളുടെ ദേഹത്ത് സ്ത്രീ പെട്രോളൊഴിച്ചത്.

ഈ ലോകത്ത് എങ്ങനെ കുഞ്ഞിനെയും കൊണ്ട് ജീവിക്കുമെന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് ഇവർ കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ചത്.

content highlights: Unnao rape and murder, woman threw petrol on her daughter