ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കുല്‍ദീപിന്റെ സഹായി ശശി സിങ്ങിന്റെ പേരുമുണ്ട്. ബലാത്സംഗം കൂടാതെ പോക്‌സോ നിയമപ്രകാരവും കുല്‍ദീപിനെതിരെ കേസുണ്ട്. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രമാണിത്.

ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട് കുല്‍ദീപിന്റെ സഹോദരന്‍ ജയ്ദീപ് സിങ് അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ബലാത്സംഗം, കലാപം ഉണ്ടാക്കല്‍, കേസിലെ ഇരയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം തുടങ്ങിയവയാണ് സിബിഐ അന്വേഷിച്ചത്.

2017 ജൂണ്‍ നാലിനാണ് ബലാത്സംഗം നടന്നത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എല്‍എല്‍എക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതി തേടി പെണ്‍കുട്ടിയും പിതാവും യുപി മുഖ്യമന്ത്രിയുടെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. 

തുടര്‍ന്ന് സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഇതിനിടെ  പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷമാണ് കുല്‍ദീപ് സെനഗറിനെ അറസ്റ്റ് ചെയ്തത്.

Content Highlighsts: Unnao gangrape case, CBI chargesheet, BJP MLA Kuldeep singh