തിരുവനന്തപുരം: ഉന്നാവ് ബലാത്സംഗക്കേസിലെ പരാതിക്കാരി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബിജെപിയില്‍നിന്ന് അടുത്തിടെ പുറത്താക്കിയ എംഎല്‍എ കുല്‍ദീപ് സിങ് സേംഗറെ സിബിഐ ചോദ്യം ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ അതുല്‍ സേംഗറെയും ചോദ്യം ചെയ്തിട്ടുണ്ട്. ബലാത്സംഗക്കേസില്‍ സീതാപുര്‍ ജയിലില്‍ കഴിയുകയാണ് ഇരുവരും. റായ്ബറേലിയില്‍ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തിലും ഇരുവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്. 

ചോദ്യം ചെയ്യലില്‍ എംഎല്‍എ ആരോപണങ്ങള്‍ നിഷേധിച്ചു. അപകടം നടന്നത് തന്റെ അറിവോടെയല്ല. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇതിനിടെ റായ്ബറേലി അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില കൂടുതല്‍ വഷളായി. പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനിടെ, ഒപ്പമുണ്ടായിരുന്ന അഭിഭാഷകന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ട്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ അഭിഭാഷകനില്‍ നിന്ന് സിബിഐ സംഘം മൊഴിയെടുത്താതായാണ് റിപ്പോര്‍ട്ട്.

സിബിഐ സംഘം അപകടം നടന്ന സ്ഥലം ഇന്ന് വീണ്ടും പരിശോധിച്ചു. കൂടാതെ പെണ്‍കുട്ടിയുടെ ഉന്നാവിലെ വീട്ടിലെത്തുകയും ചെയ്തു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സിബിഐക്ക് ഏഴ് മുതല്‍ 14 ദിവസം വരെയാണ് അനുവദിച്ചിട്ടുള്ളത്. അതിനിടെ,  കുല്‍ദീപ് സിങ് സേംഗറുടെ തോക്ക് ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Content Highlights: Unnao case-cbi questioned MLA Kuldeep Sengar