ലഖ്‌നൗ: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതി കുല്‍ദീപ് സിങ് സേംഗാറിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട വിവിധയിടങ്ങളിലും സി.ബി.ഐ. റെയ്ഡ്. ലഖ്‌നൗ, ഉന്നാവോ, ബാണ്ഡ, ഫത്തേപ്പൂര്‍ ജില്ലകളിലെ 17 കേന്ദ്രങ്ങളിലാണ് സി.ബി.ഐ. അന്വേഷണസംഘത്തിന്റെ റെയ്ഡ് നടക്കുന്നത്. 

യു.പി.യിലെ നാലുജില്ലകളില്‍ റെയ്ഡ് നടക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും സി.ബി.ഐ. സംഘം പ്രസ്താവനയില്‍ അറിയിച്ചു. 

കഴിഞ്ഞദിവസം കുല്‍ദീപ് സിങ് സേംഗാര്‍ കഴിയുന്ന സീതാപുര്‍ ജയിലിലും സി.ബി.ഐ. പരിശോധന നടത്തിയിരുന്നു. കുല്‍ദീപിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ വിവരങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. 

ഉന്നാവ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെഅന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ വാഹനം പിടിച്ചെടുക്കാതിരിക്കാനാണ് നമ്പര്‍ പ്ലേറ്റ് മറച്ചതെന്നായിരുന്നു ട്രക്കിന്റെ ഉടമ നല്‍കിയ മൊഴി. അതേസമയം, വാഹനാപകടത്തില്‍ പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 

Content Highlights: unnao case; cbi conducts raid in kuldeep singh sengar's residence and other locations in up